കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി; കേന്ദ്രത്തിന്‍റേത് വെറുപ്പിന്‍റെ രാഷ്ട്രീയം, സാമ്പത്തിക രംഗത്ത് കേന്ദ്ര സർക്കാർ പരാജയം : തോമസ് ഐസക്

Jaihind News Bureau
Friday, February 7, 2020

കേന്ദ്രത്തിന്‍റേത് വെറുപ്പിന്‍റെ രാഷ്ട്രീയമാണെന്ന് ധനമന്ത്രി തോമസ് ഐസക്. സാധാരണക്കാർക്കു പകരം കോർപ്പറേറ്റുകളെയാണ് കേന്ദ്ര സർക്കാർ സഹായിക്കുന്നത്. 2009 ന് സമാനമായ സാമ്പത്തിക തകർച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്ര സർക്കാർ പരാജയമാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. 2019 -20 ല്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു കഴിഞ്ഞു. ഇതിന് കാരണം സമ്പദ് ഘടനയുടെ മൊത്തം ഡിമാന്‍ഡില്‍ ഉണ്ടായ ഇടിവാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡിലാണ്. വിലക്കയറ്റം 14 ശതമാനത്തിലെത്തി. മാന്ദ്യം മൂലം സര്‍ക്കാരിന്‍റെ നികുതി വരുമാനം കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടർത്തുന്നതായും പൗരത്വ റജിസ്റ്ററും പൗരത്വ നിയമവും സൃഷ്ടിക്കുന്ന ആശങ്ക വാക്കുകൾക്കതീതമാണെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക ദുരിതമല്ല പൗരത്വ റജിസ്റ്ററാണ് കേന്ദ്രത്തിന് പ്രധാനമെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പൗരത്വനിയമത്തിനെതിരെ തെരുവിൽ സമരത്തിനായി ഇറങ്ങിയ യുവാക്കളിലാണ് രാജ്യത്തിന്‍റെ ഭാവി. കീഴടങ്ങില്ല എന്ന് ക്യാംപസുകൾ മുഷ്ടി ചുരുട്ടി പറയുന്നു. ഇക്കാര്യത്തില്‍ കേരളത്തിന്‍റെ ഒരുമ മറ്റു സംസ്ഥാനങ്ങൾ വിസ്മയത്തോടെയാണ് കണ്ടതെന്നും മന്ത്രി പറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് പറഞ്ഞ ധനമന്ത്രി ഭയം ഒരു രാജ്യമെന്നും നിശബ്ദത ഒരു ആക്രമണമെന്നുമുള്ള വയനാട്ടിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനി ദ്രുപതിന്‍റെ കവിതയും ബജറ്റ് ആമുഖ പ്രസംഗത്തിൽ ഉള്‍പ്പെടുത്തി. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നിൽക്കുന്ന സാഹചര്യമാണിതെന്നും അക്രമം ആണ് കർമം എന്ന് വിചാരിക്കുന്ന ഭരണകൂടമാണുള്ളതെന്നും അദ്ദേഹം ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.