തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി തോമസ് ഐസക്കിന് അത്താഴ വിരുന്നൊരുക്കി എന്‍ഡിഎ കൺവീനർ ; വോട്ട് കച്ചവടമെന്ന കോൺഗ്രസ് ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍

Jaihind Webdesk
Thursday, May 6, 2021

വൈപ്പിൻ : എല്‍ഡിഎഫ്-എന്‍ഡിഎ വോട്ട്കച്ചവടമെന്ന കോൺഗ്രസ് ആരോപണത്തിന് തെളിവായി തെരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎ കൺവീനറുടെ വീട്ടില്‍ മന്ത്രി തോമസ് ഐസക്ക് സന്ദർശിച്ചതിന്‍റെ വാർത്തകള്‍ പുറത്ത്. മാർച്ച് 28-ന് എൻ.ഡി.എ. വൈപ്പിൻ നിയോജകമണ്ഡലം കൺവീനർ രഞ്ജിത്ത് രാജ്‌വിയുടെ വീട്ടിൽ മന്ത്രി തോമസ് ഐസക്, എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണനും സി.പി.എമ്മിന്‍റെ ഏരിയാകമ്മിറ്റിയംഗങ്ങൾ അടക്കമുള്ളവരും പങ്കെടുത്തു. ഏതാനും എസ്.എൻ.ഡി.പി. ശാഖാ ഭാരവാഹികളുമുണ്ടായിരുന്നു.

രഞ്ജിത്തിന്‍റെ ഭാര്യ കൃഷ്ണകുമാരി എസ്.എൻ.ഡി.പി. യോഗം വനിതാസംഘം സംസ്ഥാനപ്രസിഡന്‍റാണ്. ബി.ഡി.ജെ.എസ്. രൂപവത്കരിച്ച കാലംമുതൽ നിയോജകമണ്ഡലം പ്രസിഡന്‍റായ രഞ്ജിത്ത് ഹിന്ദു ഐക്യവേദിയുടെ നേതാവുകൂടിയാണ്. അത്താഴ വിരുന്നിന്‍റെ തുടർച്ചയായി എസ്.എൻ.ഡി.പി.യിലെ ഇടത് അനുകൂലികളുടെ ഒരു യോഗം ചെറായിയിലെ ഒരു പ്രമുഖ ഹോട്ടലിൽ ചേർന്നതായാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. ഈ യോഗത്തിൽ സി.പി.എം. സ്ഥാനാർഥിയും പങ്കെടുത്തിരുന്നതായും അവർ ആരോപിക്കുന്നു.

ബി.ഡി.ജെ.എസ്. നേതാക്കൾ വഴിയാണ് എൻ.ഡി.എ.വോട്ടുകളുടെ കച്ചവടം ഉറപ്പിച്ചതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റും തെരഞ്ഞെടുപ്പുകമ്മ‌ിറ്റി കൺവീനറുമായ വി.എസ്. സോളിരാജ് ആരോപിച്ചു.