കരടല്ല, ധനമന്ത്രി പുറത്ത് വിട്ടത് സമ്പൂർണ റിപ്പോർട്ടെന്ന് സിഎജി ; ധനമന്ത്രി തോമസ് ഐസകിന്‍റെ നടപടി വിവാദത്തിൽ

Jaihind News Bureau
Tuesday, November 17, 2020

നിയമസഭയിൽ വെക്കുന്നതിന് മുൻപ് സിഎജി റിപ്പോർട്ട് പുറത്ത് വിട്ട ധനമന്ത്രി തോമസ് ഐസക് വിവാദത്തിൽ. സി എ ജിയുടെ സമ്പൂർണ റിപ്പോർട്ട് ആണ് ധനമന്ത്രി പുറത്ത് വിട്ടത് എന്ന സി എ ജി വിശദീകരണം വന്നതോടെയാണ് തോമസ് ഐസക് വെട്ടിലായത്. അതേസമയം വിഷയം വിവാദം ആയതോടെ ഇക്കാര്യത്തിൽ തോമസ് ഐസക് ഇന്ന് വിശദീകരണം പറയും.

സി എ ജിയുടെ കരട് റിപ്പോർട്ട് ആണ് പുറത്ത് വിട്ടത് എന്ന ധനമന്ത്രിയുടെ വാദമാണ് ഇപ്പോൾ പൊളിഞ്ഞത്. സിഎജി സർക്കാരിന് നൽകിയത് സമ്പൂർണ്ണ റിപ്പോർട്ടെന്ന് സിഎജിയുടെ വാർത്താക്കുറിപ്പ് പുറത്ത് വന്നതോടെ ധനമന്ത്രി തോമസ് ഐസക് വെട്ടിലുമായി. നവംബർ 11ന് സിഎജി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ റിപ്പോർട്ട് ആറാം തിയതി നൽകിയെന്ന് വ്യക്തമാക്കുന്നുണ്ട്. നിയമസഭയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ടാണെന്നും കുറുപ്പിൽ വിശദീകരിക്കുന്നുണ്ട്. ഇതോടെ കരട് റിപ്പോർട്ടാണ് സിഎജി നൽകിയതെന്ന ധനമന്ത്രിയുടെ വാദം പൂർണ്ണമായും പൊളിഞ്ഞു.

അതേസമയം ധനമന്ത്രി ചട്ട ലംഘനം നടത്തിയെന്ന ആരോപണം ആണ് പ്രതിപക്ഷത്തിനു. എന്നാൽ കരട് റിപ്പോർട്ടാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ധനമന്ത്രി. ഇക്കാര്യത്തിൽ ഇന്ന് വിശദമായി പ്രതികരിക്കുമെന്നും ഡോ തോമസ് ഐസക്ക് വ്യക്തമാക്കി.
നവംബർ 14 ശനിയാഴ്ചയാണ് സിഎജി റിപ്പോർട്ടിനെതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി വാർത്താസമ്മേളനം നടത്തിയത്. സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ചായിരുന്നു ധനമന്ത്രിയുടെ വിമർശനം.

https://youtu.be/4ULxHas7nAc