‘സിപിഎമ്മിന് ജനങ്ങളുമായുള്ള ജീവൽബന്ധം നഷ്ടമായി’; അഹങ്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ അകറ്റി: പാര്‍ട്ടി വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

 

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ വീഴ്ചകള്‍ എണ്ണി പറഞ്ഞ് ഡോ.ടി.എം. തോമസ് ഐസക്. ജനങ്ങളെ മനസിലാക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്നും അഹങ്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. എത്ര തരംഗം ഉണ്ടെന്ന് മനസ്സിലാക്കാനായില്ലെന്നും സിപിഎമ്മിന് ജനങ്ങളുമായുള്ള ജീവല്‍ബന്ധം നഷ്ടമായെന്നും ജനങ്ങളുടെ കുഴപ്പം അല്ല, പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്‍റെ വീഴ്ചയാണ് പരാജയത്തിന് കാരണമെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

തോമസ് ഐസകിന്‍റെ ഫേയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:

വോട്ടർമാരുടെ മനോഭാവത്തിൽവന്ന മാറ്റങ്ങളെ വായിക്കുന്നതിൽ പാർട്ടിക്കുണ്ടായ വീഴ്ച വലുതാണ്. തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും എതിർ തരംഗം കേരളത്തിൽ ഉണ്ടെന്നു മനസിലാക്കാനായില്ല. ഇത്തവണത്തെ പോളിംഗ് ശതമാനം 71 ശതമാനമായി കുറഞ്ഞപ്പോൾ ഇടതുപക്ഷ വിലയിരുത്തൽ യുഡിഎഫ് – ബിജെപി വോട്ടുകളാണ് മരവിച്ചതെന്നാണ്. 

എന്നാൽ പോളിംഗിന് മുമ്പുള്ള വിലയിരുത്തലും പോളിംഗിനു ശേഷം ബൂത്തുകളിൽ നിന്നുള്ള വിലയിരുത്തലും താരമ്യപ്പെടുത്തുമ്പോൾ പല മണ്ഡലങ്ങളിലും ഗണ്യമായ തോതിൽ എൽഡിഎഫ് വോട്ടുകൾ പോൾ ചെയ്യപ്പെട്ടില്ലായെന്നു കാണാൻ കഴിഞ്ഞു. പോൾ ചെയ്ത വോട്ടുകളിൽ അഞ്ച് മണ്ഡലങ്ങളിൽ ഒഴികെ എല്ലായിടത്തും ഭൂരിപക്ഷം കിട്ടുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ എൽഡിഎഫ് വോട്ടർമാരെന്നു കരുതിയ ഒരു വലിയ വിഭാഗം യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ് തെരഞ്ഞെടുപ്പ് പരാജയം കാണിക്കുന്നത്.

എന്തുകൊണ്ട് വിലയിരുത്തലുകൾ പാളുന്നൂവെന്നതാണ് ഉത്തരം കാണേണ്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം. ഒന്നുകിൽ ജനങ്ങളെ മനസിലാക്കാൻ കഴിയുന്നില്ല. അതല്ലെങ്കിൽ ജനങ്ങൾ തങ്ങളുടെ മനസ് തുറക്കുവാൻ വിസമ്മതിക്കുന്നു. രണ്ടായാലും ഇത് പഴയ പാരമ്പര്യത്തിൽ നിന്നുള്ള വലിയൊരു മാറ്റമാണ്. ഒരു കാര്യം തീർച്ച. ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വീഴ്ച സംഘടനാപരമാണ്. വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയിരിക്കുന്നു.

അഹങ്കാരത്തോടെയും ദാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നു. ഇത് പാർട്ടിയുടെ എല്ലാ തലങ്ങളിലും കാണാം. ജനങ്ങളോട് എപ്പോഴും വിനയത്തോടെവേണം പെരുമാറാൻ. വെള്ളത്തിലെ മീൻ പോലെ ആയിരിക്കണം ജനങ്ങൾക്കിടയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മാവോയുടെ പ്രസിദ്ധമായ ചൊല്ലുണ്ടല്ലോ.

സഹകരണ ബാങ്കുകളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിലുണ്ടായ ഉദാസീന മനോഭാവം പലയിടത്തും ഗൗരവമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തട്ടിപ്പുകൾ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. തദ്ദേശഭരണ തലങ്ങളിലും അഴിമതി വർദ്ധിക്കുന്നുണ്ട്.

തുടർഭരണം ഇത്തരത്തിലുള്ള ദൗർബല്യങ്ങളെ ശക്തിപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമഗ്രമായ തെറ്റുതിരുത്തൽരേഖ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അവ എത്രമാത്രം ഫലപ്രദമായി നടപ്പാക്കിയെന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

മുൻകാലത്ത് സർഗ്ഗാത്മകതയിലും പഠിത്തത്തിലും മുൻനിൽക്കുന്നവർ സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. അക്കാലത്തെ ആഗോള, ദേശീയ സ്ഥിതിവിശേഷം ഇതിനു കാരണമാണ്. അതുപോലെ തന്നെ കമ്മ്യൂണിസത്തിന് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലുണ്ടായിരുന്ന അധീശത്വവും ഇതിനു കാരണമാണ്. ഇന്നു സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ അരാഷ്ട്രീയവൽക്കരണത്തിനാണ് മുൻതൂക്കം. പരമ്പരാഗത മാധ്യമങ്ങളിലല്ല, പുതിയ സാമൂഹ്യ മാധ്യമങ്ങളിലാണ് ഇവരുടെ ലോകം. ഇവിടെയാവട്ടെ ഇടതുപക്ഷത്തിന്റെ സ്വാധീനം ദുർബലവുമാണ്.

ഇവിടെ പറഞ്ഞതൊന്നും പൂർണ്ണമല്ല. പാർട്ടിക്കുള്ളിൽ എല്ലാ തലങ്ങളിലും ഇക്കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യേണ്ടതുണ്ട്. സാധാരണഗതിയിൽ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് മുകളിൽ തീരുമാനമെടുത്ത് താഴേക്ക് റിപ്പോർട്ട് ചെയ്യുകയാണു പതിവ്. ഇത്തവണ അതിലൊരു മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റിവ്യൂവിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ട ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച ഭാഗം താഴത്ത് ജില്ലാ കമ്മിറ്റികളുടെ ചർച്ചകളും നിർദ്ദേശങ്ങളും പരിശോധിച്ച് രൂപം നൽകുന്നതിനാണു തീരുമാനിച്ചിട്ടുള്ളത്.

ഇങ്ങനെ പാർട്ടിക്കുള്ളിൽ മാത്രമല്ല പാർട്ടി അനുഭാവികളോടും ബന്ധുക്കളോടും തുറന്നു ചർച്ച ചെയ്യുന്നതിനാണു തീരുമാനം. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ ജനങ്ങളുടെ മഹത്തായ ഓസ്യത്താണ്. പാർട്ടിയിൽ ഇല്ലെങ്കിലും അവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അങ്ങനെ നാനാകോണുകളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങൾക്കും ചെവി കൊടുത്ത് അവയിൽ നിന്ന് ഉൾക്കൊള്ളാവുന്നവ ഏറ്റെടുത്ത് മുന്നോട്ടുപോകും.

2014-ൽ പാർലമെന്‍റിലേക്ക് 40 ശതമാനം വോട്ട് ലഭിച്ച എൽഡിഎഫിന് 2019-ൽ 35 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ശബരിമലയുമായി ബന്ധപ്പെട്ട കോളിളക്കം പാർട്ടി അടിത്തറയിൽ നിന്ന് ഒരു വിഭാഗത്തെ യുഡിഎഫിലേക്കും ബിജെപിയിലേക്കും നയിച്ചു. ബിജെപിയുടെ വോട്ട് ശതമാനം 10.8-ൽ നിന്ന് 15.6 ആയി ഉയർന്നു. എന്നാൽ എൽഡിഎഫിന്‍റെ വോട്ട് തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ 42.5 ആയി ഉയർന്നു. ബിജെപിയുടേത് 14.9 ശതമാനമായി താഴ്ന്നു. അസംബ്ലി തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും എൽഡിഎഫിന്റെ വോട്ട് 45.3 ശതമാനമായി ഉയർന്നു. ബിജെപിയുടേത് 12.5 ശതമാനമായി താഴ്ന്നു. ബിജെപിയിലേക്കു പോയ നല്ലൊരു പങ്ക് വോട്ടുകൾ തിരിച്ച് എൽഡിഎഫിലേക്ക് തന്നെ വന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ ചില പ്രദേശങ്ങളിൽ ഇടതുപക്ഷത്തു നിന്നും ബിജെപിയിലേക്കു മാറിയ വോട്ടർമാർ ഒരുപോക്ക് പോയി എന്ന നിഗമനത്തിൽ എത്തുന്നതിൽപ്പരം വിഡ്ഢിത്തം വേറെയുണ്ടാവില്ല.

Comments (0)
Add Comment