തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കേണ്ട, സിപിഎം വോട്ടുകള്‍ കിട്ടില്ല; പിണറായിയുടെ പരസ്യശാസനയ്ക്ക് പിന്നാലെ കേരളകോണ്‍ഗ്രസില്‍ മുറുമുറുപ്പ്


നവകേരള സദസിനിടയിലെ മുഖ്യമന്ത്രിയുടെ തിരുത്തിന് പിന്നാലെ കോട്ടയം എംപി തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കേരള കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ച. സിറ്റിംഗ് എംപി തന്നെ മത്സരിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായമെങ്കില്‍ ഭരണവിരുദ്ധ വികാരം അതിജീവിച്ച് യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ശക്തനായ സ്ഥാനാര്‍ഥി എത്തണമെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം. യുഡിഎഫിനൊപ്പം നിന്ന് ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചതുപോലെ അത്ര എളുപ്പമാവില്ല ഇക്കുറിയെന്നാണ് മാണി ഗ്രൂപ്പിന്റെ പേടി. തോമസ് ചാഴികാടനോട് അപമര്യാദയായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഇടതുപക്ഷ സംവിധാനത്തില്‍ ഇതുവരെയും മനസ്സുറപ്പിക്കാത്ത കേരള കോണ്‍ഗ്രസുകാരിലെ മുറിവ് ഉണങ്ങിയിട്ടില്ല. യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കിട്ടിയതുപോലെ ഇടതുപക്ഷത്തു നിന്നാല്‍ സിപിഎം വോട്ടുകള്‍ കിട്ടില്ലെന്നാണ് സംഭവത്തിന് പിന്നാലെ നേതാക്കളുടെ അഭിപ്രായം. ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് കഴിഞ്ഞതവണത്തെ ഭൂരിപക്ഷത്തിലേക്കെത്താന്‍ തോമസ് ചാഴികാടന്‍ തന്നെ മതിയാകുമോ എന്നാണ് ചര്‍ച്ച. ചാഴികാടന്റെ കാര്യത്തില്‍ ജോസ് കെ മാണിക്ക് എതിരഭിപ്രായം ഇല്ലെങ്കിലും വിഭിന്ന അഭിപ്രായങ്ങള്‍ ചര്‍ച്ചക്കെടുക്കും.

ഇരുപതാംതീയതി വിഷയത്തില്‍ ഇടതുപക്ഷവുമായി ചര്‍ച്ച നടത്തുന്നുണ്ട്. യുഡിഎഫിലേക്ക് പോയേക്കാവുന്ന കത്തോലിക്കാ വോട്ടുകള്‍ ഇടതുപക്ഷത്തെത്തിക്കാന്‍ ജോസ് കെ മാണി മത്സരിക്കണമെന്ന അഭിപ്രായം ഇടതുപക്ഷത്തിനുണ്ടെങ്കിലും ജോസ് കെ മാണി തന്നെ നിര്‍ദേശം പരസ്യമായി തള്ളിയിരുന്നു. ഇതോടെ കോട്ടയത്ത് എല്‍ഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടര്‍നീക്കങ്ങളും സങ്കീര്‍ണമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

Comments (0)
Add Comment