‘ഇതാണ് യഥാർത്ഥ കേരള സ്റ്റോറി’; അബ്ദുല്‍ റഹീമിന്‍റെ വീട്ടിലെത്തി യുഡിഎഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്‍

 

കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ വീട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്‍ സന്ദര്‍ശിച്ചു. അബ്ദുല്‍ റഹീമിന്‍റെ മാതാവിനെ സന്ദര്‍ശിച്ച എംകെ രാഘവന്‍ ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തി. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി, മത അതിര്‍വരമ്പുകളില്ലാതെയാണ് എല്ലാവരും റഹീമിന്‍റെ മോചനത്തിനുവേണ്ടി ഒന്നിച്ചത്. റഹീമിനെ നാട്ടിലെത്തിക്കാനുള്ള ബാക്കി നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും സ്ഥാനാർത്ഥി ഉറപ്പു നല്‍കി.

അബ്ദുള്‍ റഹീമിനെ മോചിപ്പിക്കാന്‍ കേരള ജനത നടത്തിയ അത്ഭുതകരമായ ക്രൗഡ് ഫണ്ടിംഗ് വിജയംവരിച്ചതിനു പിന്നാലെ അണിയറ പോരാളികള്‍ക്ക് നന്ദി രേഖപ്പെടുത്തിയാണ് എം.കെ. രാഘവന്‍, കോഴിക്കോട് ഫറോക്കിലുള്ള അബ്ദുല്‍ റഹീമിന്‍റെ വീട്ടിലെത്തിയത്. റഹീമിന്‍റെ മാതാവ് ഫാത്തിമയെ സാന്ത്വനിപ്പിച്ച സ്ഥാനാര്‍ത്ഥി, ബന്ധുക്കളുമായും ക്രൗഡ് ഫണ്ടിംഗ് ആക്ഷന്‍ കമ്മിറ്റിയുമായും കൂടിക്കാഴ്ച നടത്തി. ഉമ്മയുടെ തോരാക്കണ്ണീര്‍ പുഞ്ചിരിക്ക് വഴിമാറിയതിന് കാരണമായ ഈ സാഹോദര്യ സ്നേഹമാണ് യഥാര്‍ത്ഥ കേരള ലൗ സ്റ്റോറിയെന്ന് എം.കെ. രാഘവന്‍ പറഞ്ഞു. അതിനു പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ച എല്ലാവരെയും എംപി പ്രശംസിച്ചു. ഓരോരുത്തരും അവര്‍ക്ക് സാധ്യമാകുന്ന രീതിയില്‍ പണം കണ്ടെത്തുന്നതിനായി പ്രവര്‍ത്തിച്ചു. മനുഷ്യ നന്മയുടെ വിജയമാണിതെന്നും റഹീമിന്‍റെ മോചനത്തിനായി വേണ്ടി കെഎംസിസിയും പ്രവാസി സംഘടനകളും നേരത്തെ തന്നെ രംഗത്തുണ്ടായിരുന്നെന്നും അവരുടെ ഇടപെടലാണ് നിര്‍ണ്ണായക പങ്കുവഹിച്ചതെന്നും എം.കെ. രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

റഹീമിന്‍റെ മോചനം യാഥാര്‍ത്ഥ്യമാവുന്നു എന്നറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ദൈവത്തെ സ്തുതിക്കുന്നതായും മകനെ രക്ഷിക്കാന്‍ പരിശ്രമം നടത്തിയ എല്ലാവരോടും നന്ദിയുണ്ടെന്നും എഴുപത്തിയഞ്ചുകാരിയായ മാതാവ് ഫാത്തിമ  പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാനുള്ള സഹായം വേണമെന്നും ഫാത്തിമ എം.കെ. രാഘവനോട് ആവശ്യപ്പെട്ടു. ഉമ്മയുടെ പ്രാര്‍ത്ഥന വിജയിച്ചുവെന്നും ജനം ഒറ്റക്കെട്ടായി മുന്നോട്ടുവന്നെന്നും എം.കെ. രാഘവന്‍ പറഞ്ഞു. എംബസി നടപടികള്‍ വേഗത്തിലാക്കി മകനെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും സ്ഥാനാർത്ഥി ഉറപ്പു നല്‍കി. കോണ്‍ഗ്രസ് നേതാവും ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ സുരേഷ് രാമനാട്ടുകര, കോണ്‍ഗ്രസ് ഫറോക്ക് കോളേജ് മണ്ഡലം പ്രസിഡന്‍റ് ഫൈസല്‍ പള്ളിയാളി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥി എം.കെ. രാഘവനൊപ്പം ഉണ്ടായിരുന്നു.

Comments (0)
Add Comment