‘അമേത്തി അച്ഛന്‍റെ കര്‍മ്മഭൂമി; ഞങ്ങള്‍ക്കിത് പവിത്ര ഭൂമി’ : പ്രിയങ്കാ ഗാന്ധി

‘അമേത്തി അച്ഛന്‍റെ കര്‍മ്മഭൂമിയാണ്. ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം പവിത്രഭൂമിയും…’ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി അമേത്തിയിൽ  നാമനിർദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ​ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

‘ചില ബന്ധങ്ങൾ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. ഇന്ന് രാഹുലിന്‍റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കുടുംബം മുഴുവനും ഒപ്പമുണ്ടായിരുന്നു. ഇതെന്‍റെ അച്ഛന്‍റെ കർമ്മഭൂമിയാണ്. ഞങ്ങളുടെ കുടുംബത്തിന് ഇത് പവിത്ര ഭൂമിയും’- പ്രിയങ്ക ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് കോട്ടയായ അമേത്തിയെ കഴിഞ്ഞ 14 കൊല്ലമായി പ്രതിനിധീകരിക്കുന്നത് രാഹുല്‍ഗാന്ധിയാണ്. മുന്‍ഷിഗഞ്ച് – ദാര്‍പിപൂര്‍ നിന്ന് ഗൗരിഗഞ്ചിലേക്ക് വന്‍ ജനാപങ്കാളിത്തത്തോടെയുള്ള റോഡ് ഷോയ്ക്ക് ശേഷമാണ് പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി,  പ്രിയങ്കാ ഗാന്ധി, റോബര്‍ട്ട് വധ്ര, ഇവരുടെ മക്കള്‍ തുടങ്ങിയവരെല്ലാം എത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ദക്ഷിണേന്ത്യയോട് മോദി സര്‍ക്കാര്‍ കാണിച്ച അവഗണനക്കെതിരെയും ഒരൊറ്റ ഇന്ത്യ സന്ദേശം നല്‍കുന്നതിനുമാണ് അദ്ദേഹം വയനാട്ടില്‍ നിന്നും അമേത്തിയില്‍ നിന്നും മത്സരിക്കുന്നത് എന്ന് വ്യക്തമാക്കിയിരുന്നു.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേത്തിയിൽ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം. മെയ് ആറിനാണ് അമേത്തിയിലെ വോട്ടെടുപ്പ്. വന്‍ ജനാവലിയായിരുന്നു പത്രികാസമര്‍പ്പണത്തിനെത്തിയ രാഹുലിനെ സ്വീകരിക്കാന്‍ അമേത്തിയില്‍ എത്തിച്ചേര്‍ന്നത്.

rahul gandhiAmethipriyanka gandhi
Comments (0)
Add Comment