‘പരസ്പരം പഴിചാരാനുള്ള സമയമല്ല, രക്ഷാപ്രവർത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നേരമാണിത്’; കെ.സി. വേണുഗോപാല്‍ എംപി | VIDEO

 

ന്യൂഡൽഹി: പരസ്പരം പഴിചാരാനുള്ള സമയമല്ലിതെന്നും രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമയമാണിതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. രാഷ്ട്രീയ വാഗ്വാദങ്ങള്‍ മാറ്റിവെച്ച് ഒറ്റക്കെട്ടായി രക്ഷാദൗത്യവും പുനരധിവാസവും പോലെയുള്ള കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇല്ലെന്ന് കേരള മുഖ്യമന്ത്രിയും പറഞ്ഞത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

“ഇത്തരമൊരു സാഹചര്യത്തിലെ രാഷ്ട്രീയവിവാദങ്ങൾ ഏറ്റവും ദൗർഭാഗ്യകരമാണെന്നേ പറയാനുള്ളൂ. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും പരിശോധിക്കപ്പെടണം. എന്നാൽ അതിനുള്ള സമയം ഇതല്ല. രക്ഷാപ്രവർത്തനത്തിൽ നമ്മൾ മാതൃക കാണിച്ചവരാണ്. കേന്ദ്രവും സംസ്ഥാനവും സന്നദ്ധസംഘടനകളും ജനപ്രതിനിധികളും ജനങ്ങളും എല്ലാവരും ചേർന്നുള്ള ഏകോപനത്തോടുകൂടിയ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിയാണ് ഇപ്പോൾ ആവശ്യം. രക്ഷാദൗത്യം പൂർത്തീകരിക്കുക, പുനരധിവാസ നടപടികൾ വേഗത്തിലാക്കുക, പരുക്കേറ്റവർക്ക് ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്നീ കാര്യങ്ങൾക്കാണ് ഇപ്പോൾ പൂർണ്ണശ്രദ്ധ നൽകേണ്ടത്” – കെ.സി. വേണുഗോപാല്‍ പറഞ്ഞു.

വയനാട് ദുരന്തം കെ.സി. വേണുഗോപാല്‍ എംപി ലോക്സഭയില്‍ ഉന്നയിച്ചു. കേരളം കഴിഞ്ഞ 5 വർഷമായി വലിയ ദുരന്തങ്ങൾ നേരിടുകയാണ്. കേരളത്തിൽ മാത്രമല്ല കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും വലിയ ദുരന്തങ്ങളുണ്ടാകുന്നു. സംസ്ഥാനങ്ങളെ പിന്തുണയ്ക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് അദേഹം ലോക്സഭയിൽ ആവശ്യപ്പെട്ടു. നമ്മൾ ജനങ്ങളെ രക്ഷിക്കാൻ ഒരുമിച്ചു നിൽക്കുന്നുവെന്ന് ഈ രാജ്യത്തിനു കാണിച്ചു കൊടുക്കണം. അതിനുശേഷം രാഷ്ട്രീയ വാഗ്വാദങ്ങൾ നടത്താം.

ഇന്നലെ രാവിലെ മുതൽ കേരളം കണ്ണീരിലാണ്. അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ സമയമാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ച ശേഷം നമുക്കു രാഷ്ട്രീയം സംസാരിക്കാമെന്നും കെ.സി. വേണുഗോപാൽ ലോക്സഭയില്‍ പറഞ്ഞു.

 

Comments (0)
Add Comment