‘ഇത് സാമ്പത്തിക ഉത്തേജക പാക്കേജല്ല, കൊവിഡിന്‍റെ മറവിലെ സ്വകാര്യവത്ക്കരണം’ : എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Jaihind News Bureau
Sunday, May 17, 2020

 

കൊവിഡിന്‍റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കണം നടപ്പിലാക്കുകയാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. സാമ്പത്തിക ഉത്തേജക പാക്കേജെന്ന് ഇതിനെ ഒരിക്കലും പറയാനാവില്ലെന്നും പാർലമെന്‍റില്‍ ചർച്ചയിലൂടെ പാസാക്കേണ്ട നയപരമായ കാര്യങ്ങളാണിപ്പോള്‍ കൊവിഡിന്‍റെ മറവില്‍ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയുടെ മറവിൽ സമ്പൂർണ സ്വകാര്യവത്കരണ പ്രക്രിയക്കാണ് കേന്ദ്രസർക്കാർ നേതൃത്വം കൊടുക്കുന്നത്. ഇതൊരു സാമ്പത്തിക ഉത്തേജക പാക്കേജല്ല. രാജ്യത്തെ സാധാരണ ജനങ്ങൾക്ക് ആശ്വാസം ലഭിക്കുന്ന പദ്ധതികളാണ് ഒരു സാമ്പത്തിക ഉത്തേജക പാക്കേജ് കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് ഘടകവിരുദ്ധമായി നയപരമായ കാര്യങ്ങളാണ് സർക്കാർ കൊവിഡിന്‍റെ മറവിൽ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രി നാല് ഘട്ടങ്ങളിലായി നടത്തിയ പ്രഖ്യാപനങ്ങളിലൊന്നും രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത്തരം തീരുമാനങ്ങള്‍ ദീർഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതാണ്. പാർലമെന്‍റില്‍ നിയമനിർമാണം നടത്തിയതിന് ശേഷമാണ് നയപരമായ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. സ്വകാര്യ മൂലധന ശക്തികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി തികച്ചും ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയാണ് കേന്ദ്രം കൊവിഡിന്‍റെ മറവില്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.