‘ഇത് അനീതി, ക്രൂരന്മാരായ ഭരണാധികാരികള്‍ക്ക് മാത്രമേ ജനങ്ങളുടെ ജീവിതത്തിലേക്ക് ബുള്‍ഡോസർ പായിക്കാന്‍ കഴിയൂ’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, May 19, 2022

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും വലയുന്ന ജനത്തിന്‍റെ കിടപ്പാടം ബുള്‍ഡോസർ ഉപയോഗിച്ച് പൊളിക്കാന്‍ ക്രൂരന്മാരായ ഭരണാധികാരികള്‍ക്ക് മാത്രമേ സാധിക്കൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പാവങ്ങളും മധ്യവര്‍ഗത്തില്‍പ്പെട്ടവരുമായ സാധാരണക്കാരായവർ ഓരോ രൂപയും കൂട്ടിവെച്ച് നിര്‍മ്മിച്ച ഭവനങ്ങളാണ് തകർക്കുന്നത്. വിലക്കയറ്റത്തിന്‍റെയും തൊഴിലില്ലായ്മയുടെയും ഈ കാലഘട്ടത്തില്‍ അവരുടെ കൂരകള്‍ പൊളിക്കുന്നത് അനീതിയാണ്.  ജനങ്ങളുടെ ജീവിതത്തിലേക്ക് ബുള്‍ഡോസർ പായിക്കാന്‍ ക്രൂരമായ ഭരണകൂടത്തിന് മാത്രമേ സാധിക്കൂ’ – രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപി സര്‍ക്കാർ ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയ കെട്ടിടങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്.

തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞമാസം മുതല്‍ നടന്ന ബുള്‍ഡോസര്‍ നടപടിയില്‍ നിരവധി പേർക്കാണ് വീട് നഷ്ടമായത്. ഒഴിപ്പിക്കല്‍ നടപടി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചത്.