തിരുവല്ലം കസ്റ്റഡി മരണം: കേസ് സിബിഐക്ക് കൈമാറും

Jaihind Webdesk
Monday, March 14, 2022

തിരുവനന്തപുരം : തിരുവല്ലം കസ്റ്റഡി മരണക്കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഉത്തരവ്. സംഭവത്തില്‍ പങ്കില്ലെന്ന പോലീസ് നിലപാടിനെ സംശയത്തിലാക്കി മൃതദേഹത്തില്‍ ക്ഷതങ്ങളുണ്ടായിരുന്നെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ഇന്ന് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം ഫെബ്രുവരി 28 നാണ് തിരുവല്ലം സ്വദേശി സുരേഷ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ജഡ്ജിക്കുന്നിലെത്തിയ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം കാണിച്ചതിനാണ് സുരേഷടക്കം 5 പേർ അറസ്റ്റിലായത്. സുരേഷിന്‍റെ ശരീരത്തിൽ 12 ഇടങ്ങളിൽ ചതവുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. മരണകാരണം ഹൃദയാഘാതം ആണെങ്കിലും ഇതിന് കാരണമായത് ശരീരത്തിലെ ചതവുകൾ ആയിരിക്കാമെന്ന് റിപ്പോർട്ടില്‍ സൂചനയുണ്ട്. കഴുത്തിലും തുടകളിലും തോളിലും മുതുകിലുമെല്ലാമായാണ്ചതവ്. മർദ്ദിച്ചിട്ടില്ലെന്നും ശരീരത്തിൽ പരിക്കുകൾ ഇല്ലെന്നുമുള്ള പോലീസ് വാദത്തെ പൊളിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍.

അതേസമയം സുരേഷിന്‍റെ മരണം മര്‍ദ്ദനത്തെ തുടർന്നെന്ന നിലപാടിലുറച്ച് കുടുംബം. സുരേഷിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി സഹോദരന്‍ സുഭാഷ് പറയുന്നു. അവസാനമായി കണ്ടപ്പോള്‍ സുരേഷിന്‍റെ ശരീരം മുഴുവന്‍ ചതവുകളും മുഴകളുമുണ്ടായിരുന്നു. വാരിയെല്ലിന്‍റെ ഭാഗമെല്ലാം ചുവന്നിരുന്നു. ചായ വാങ്ങി തിരികെ എത്തിയപ്പോള്‍ പോലീസ് പറഞ്ഞത് സുരേഷിന് സുഖമില്ലെന്നും ആശുപത്രിയിലേക്ക് മാറ്റുകയാണെന്നുമാണ്. ഗ്യാസ് ആണെന്ന് പറഞ്ഞാണ് മാറ്റിയത്. പോലീസുകാര്‍ തൂക്കിയെടുത്ത് നടത്താന്‍ ശ്രമിച്ചെങ്കിലും സഹോദരന്‍ കുഴഞ്ഞുകിടക്കുകയായിരുന്നുവെന്ന് സുഭാഷ് പറയുന്നു. അടുത്തേക്ക് ചെല്ലാന്‍ ശ്രമിച്ച തന്നെ പോലീസ് അസഭ്യം പറഞ്ഞ് ഓടിക്കുകയായിരുന്നു. പിന്നീട് സുരേഷിന് കൂടുതലാണെന്നും ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണെന്നും വേണമെങ്കില്‍ പോയി കാണാനും പറഞ്ഞു. എന്നാല്‍ താനെത്തുമ്പോള്‍ സുരേഷിനെ സ്ട്രെച്ചറില്‍ മൂടിപ്പുതച്ച് കിടത്തിയിരിക്കുകയായിരുന്നുവെന്ന് സുഭാഷ് പറഞ്ഞു. നല്ല ആരോഗ്യമുള്ള വ്യക്തിയായിരുന്നു തന്‍റെ സഹോദരന്‍. 20 വര്‍ഷമായി പനിക്ക് പോലും മരുന്ന് കഴിച്ചതായി തന്‍റെ ഓർമ്മയിലില്ല. തന്‍റെ സഹോദരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നതാണ് ആവശ്യമെന്നും സുഭാഷ് പറഞ്ഞു.