പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു ; സി.പി.എം പ്രവർത്തകന്‍ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍

 

പാലക്കാട് : അകത്തേത്തറയിൽ 13 വയസുള്ള പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച സി.പി.എം പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ സെക്രട്ടറി പി രതീഷ്, രാജീവൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തു.

സി.പി.എം നിയന്ത്രണത്തിലുള്ള കല്ലേക്കുളങ്ങര പീപ്പിള്‍സ് സർവീസ് സൊസൈറ്റി സെക്രട്ടറിയും സി.പി.എം പ്രവർത്തകനുമായ പി രതീഷ്, ദോണി ഫാമിലെ ജീവനക്കാരനായ രാജീവന്‍ എന്നിവരാണ് 13 വയസുള്ള പട്ടികജാതി വിഭാഗത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. ഹേമാംബിക പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ 16-ാം തീയതി പെണ്‍കുട്ടിയെ വെല്ലൂർ സ്വദേശിയായ അന്തോണി എന്ന വ്യക്തി തട്ടിക്കൊണ്ടുപോയിരുന്നു. തുടർന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയും പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു. തുടർന്ന് പെണ്‍കുട്ടിയെ കൌണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുള്ളവരാണ് പ്രതികള്‍. വീട്ടുകാർ ഇല്ലാത്ത സമയം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സി.പി.എമ്മിന്‍റെ സജീവ പ്രവര്‍ത്തകനായ പി രതീഷ് നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പാർട്ടിക്ക് വേണ്ടിയുള്ള പ്രചാരണം നടത്തുന്ന വ്യക്തി കൂടിയാണ്.

അതേസമയം കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഏറെ വൈകിയും രേഖപ്പെടുത്താതിരുന്നത് കേസ് അട്ടിമറിക്കാനുള്ള പൊലീസിന്‍റെ ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് പൊലീസ് തുടർനടപടികള്‍ സ്വീകരിക്കാന്‍ തയാറായത്.

Comments (0)
Add Comment