‘രാജ്യംവിടേണ്ടിവരുമെന്ന് കരുതി, കരുത്തുതന്നത് പ്രിയങ്ക; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് വിനേഷ് ഫോഗട്ട്

ഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട്.

‘താന്‍ ഇന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് ഗുസ്തിയിലൂടെയാണ്. രാജ്യംവിടേണ്ടിവരുമെന്ന് കരുതിയപ്പോള്‍ തനിക്ക് കരുത്തുതന്നത് പ്രയങ്ക ഗാന്ധിയായിരുന്നു. കോണ്‍ഗ്രസിന് നന്ദി പറയുന്നു. തിരഞ്ഞെടുപ്പില്‍ സീറ്റുതന്നതുകൊണ്ടുമാത്രമല്ല, ഞങ്ങള്‍ തെരുവിലിരുന്നപ്പോള്‍ പ്രിയങ്ക ഗാന്ധി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ആ സമയത്ത് രാജ്യംവിടേണ്ടിവരുമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ തോല്‍ക്കരുത്, ഗുസ്തിയിലൂടെ ഉത്തരം നല്‍കണമെന്ന് പറഞ്ഞ് ധൈര്യം പകര്‍ന്നത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് വിനേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളോടുള്ള ബി.ജെ.പിയുടെ മനോഭാവത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു വിനേഷ് ഫോഗട്ടിന്റെ കോണ്‍ഗ്രസ് പ്രവേശനം.

 

Comments (0)
Add Comment