ലോകം കോവിഡ്-19 വൈറസ് ആശങ്കയിലായിരിക്കുന്ന ഈ സമയത്ത് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തിശുചിത്വം പാലിക്കുക, ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നിവ. എങ്കിലും ആശുപത്രി പോലെയുള്ളവ നമുക്ക് ഒഴിവാക്കാനാവാത്തവയാണ്. അത്തരം സന്ദർഭങ്ങളില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ദന്താശുപത്രിയിലെത്തുന്ന രോഗികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് കണ്‍സള്‍ട്ടന്‍റ് പീരിയോഡെന്‍റിസ്റ്റ് ഡോ. മണികണ്ഠൻ ജി.ആർ പറയുന്നു.
1. നിങ്ങൾക്ക് പനി, ചുമ, ജലദോഷം, ശ്വാസംമുട്ട്, തൊണ്ടവേദന, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഡോക്ടറോട് പറയുക
2. നിങ്ങൾ ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി എതെങ്കിലും വിദേശ രാജ്യത്ത് നിന്നും അടുത്തു വരികയോ അങ്ങനെ വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും ഡോക്ടറോട് പങ്ക് വെക്കുക.
3. സൂക്ഷ്മ ജലകണികകൾ ഉത്പാദിപ്പിക്കപ്പെടാൻ സാധ്യതയുള്ള ചില ചികിത്സകൾ അടിയന്തരമല്ലാത്ത പക്ഷം മറ്റൊരവസരത്തിലേയ്ക്ക് മാറ്റി വെക്കാൻ ഡോക്ടർ പറയുമ്പോൾ സഹകരിക്കുക
4. കൈയിൽ എപ്പോഴും ലിക്വിഡ് സോപ്പോ കൈ ശുചീകരണ ലായനികളോ കരുതാം. ഡെൻ്റൽ ക്ലിനിക്കിൻ്റെ വാതിൽപ്പിടിയിൽ തൊടും മുൻപ് കൈ വൃത്തിയാക്കാം. നിങ്ങളുടെ കൈയിലെ അണുക്കൾ പിടിയിലേയ്ക്ക് പകരുന്നത് തടയാം. വാതിൽ തുറന്നതിന് ശേഷം വീണ്ടും കൈകൾ വൃത്തിയാക്കാം. തിരികെ ഇറങ്ങുമ്പോഴും ഇത് രണ്ട് തവണ ചെയ്യുക
5. എപ്പോഴും ഒരു വൃത്തിയുള്ള തൂവാല കയ്യിൽ കരുതുക.ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ തൂവാല കൊണ്ട് അല്ലെങ്കിൽ കൈയുടെ പുറം ഭാഗം കൊണ്ട് വായ പൊത്തുക. കൈ വെള്ളയിലേയ്ക്ക് തുമ്മാതിരിക്കുക.
6. ദിവസവും രണ്ടു നേരം വൃത്തിയായി പല്ല് തേയ്ക്കുക. പല്ലിട ശുചീകരണ ഉപാധികൾ കൊണ്ട് പല്ലിനിടയിലെ അഴുക്ക് നീക്കം ചെയ്യുക
7.ദന്താശുപത്രിയിലേയ്ക്ക് പോകുന്നതിന് മുൻപും പിൻപും കുളിക്കുക.
8.ചികിത്സയ്ക്കിടയിൽ കുലുക്കുഴിയാനോ തുപ്പാനോ പറയുമ്പോൾ മെല്ലെ ക്ഷമാപൂർവം ചെയ്യുക. തുപ്പൽ നാലുപാടും തെറിക്കുന്ന രീതിയിൽ കാർക്കിച്ചു തുപ്പരുത്.
9. അനാവശ്യമായി ദന്തൽ ചെയറിലെ ഒരു ഭാഗത്തും സ്പർശിക്കരുത്. പല്ലെടുത്ത രോഗികൾ രക്തം പുരണ്ട പഞ്ഞി അലക്ഷ്യമായി വലിച്ചെറിയരുത്. ആ പഞ്ഞിയിൽ തൊട്ട കൈവിരലുകൾ വൃത്തിയാക്കാതെ വീണ്ടും ദന്തൽ ചെയറിലോ മേശയിലോ മറ്റേതെങ്കിലും പ്രതലത്തിലോ തൊടരുത്.
10. കഴിവതും വീട്ടിലെ പ്രായമുള്ളവരെയും കുട്ടികളെയും ശ്വാസകോശ സംബന്ധമായ അസുഖമുളളവരെയോ അവരുടെ ചികിത്സക്കായല്ലെങ്കിൽ ഒപ്പം കൊണ്ടു വരാതിരിക്കുക.
11. ടൂത്ത് ബ്രഷുകൾ വയ്ക്കുന്ന സ്റ്റാന്‍ഡ് ടോയ്ലറ്റിൽ നിന്നും വളരെ ദൂരം മാറ്റി വെക്കുക. കഴിവതും രണ്ട് മുറികളാണ് നല്ലത്.
12.പല്ലുവേദനയുണ്ടെങ്കിൽ യഥാസമയം ചികിത്സിക്കുക.അനാവശ്യമായി ഇടക്കിടെ പല്ലിൽ തൊട്ടു നോക്കരുത്
13. ടൂത്ത് ബ്രഷ് എല്ലാ ദിവസവും ഇളം ചൂടുവെള്ളത്തിൽ മുക്കിയതിന് ശേഷം ബ്രഷ് ചെയ്യുക. പാറ്റ ,പല്ലി പോലുള്ളവയ്ക്ക് എത്താൻ കഴിയാത്തിടത്ത് വേണം ബ്രഷ് സൂക്ഷിക്കാൻ.
14. അപ്പോയിന്‍റ്മെൻ്റ് കൃത്യസമയം പാലിച്ചെത്തുക. അനാവശ്യ തിരക്ക് ഒഴിവാക്കാൻ ഇത് സഹായിക്കും
15. രക്തം പുരണ്ടതോ മറ്റെവിടെയെങ്കിലും സ്പർശിച്ചതിനു ശേഷമോ കാത്തിരിപ്പ് മുറിയിലെ മാസികകളിലോ ടെലിവിഷൻ റിമോട്ടിലോ ഫാൻ റെഗുലേറ്ററുകളിലോ സ്വിച്ചുകളിലോ തൊടാതിരിക്കുക.
16. പേടിക്കേണ്ട കാര്യമില്ല, ജാഗ്രതയാണ് മുഖ്യം. ദന്തക്രമീകരണം, മോണരോഗശസ്ത്രക്രിയ, തുടങ്ങിയവയ്ക്കൊക്കെ തുടർചികിത്സകൾ വളരെ പ്രാധാന്യമുള്ളതാണ്. അതിനാൽ അനാവശ്യ ഉത്കണ്ഠ കാരണം അവ മാറ്റി വെക്കേണ്ടതില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് ജാഗ്രതയോടെ മുന്നോട്ട് പോകാം.
-ഡോ. മണികണ്ഠൻ ജി.ആർ- (Consultant Periodontist, Thiruvananthapuram)