സരിതയുടെ തൊഴിൽ തട്ടിപ്പിന് ഒത്താശ ചെയ്തത് മന്ത്രിമാർ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കൾ ; പേരുകൾ വെളിപ്പെടുത്തുമെന്ന് തട്ടിപ്പിനിരയായ അരുണ്‍ ; സരിതാ പേടിയിൽ മുട്ടുവിറച്ച് ഇടതു മുന്നണി

Jaihind News Bureau
Tuesday, February 9, 2021

 

തിരുവനന്തപുരം : സരിതയുടെ തൊഴിൽ തട്ടിപ്പിന് ഒത്താശ ചെയ്തത് മന്ത്രിമാർ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെന്നും ഇവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും തട്ടിപ്പിനിരയായ അരുൺ. സരിതാ എസ് നായർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിൽ വരും ദിവസങ്ങളില്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് അരുണ്‍ പറഞ്ഞു. മുപ്പതോളം പേരാണ് സരിതയുടെ തട്ടിപ്പിനിരയായത്. കൂടുതൽ പേർ സരിതയ്ക്കും കൂട്ടാളികൾക്കുമെതിരെ പരാതി നൽകുമെന്നും അരുണ്‍ പറയുന്നു. സരിതയ്ക്ക് പാർട്ടി നേതാക്കളുമായുള്ള ബന്ധവും പുറത്തുവിടുമെന്നും അരുണ്‍ പറയുന്നു.

തട്ടിപ്പിനിരയായ  മിക്കവരും 10 ലക്ഷത്തോളം രൂപ സരിതയ്ക്ക് നൽകിയിട്ടുണ്ട്. അതേസമയം തട്ടിപ്പിന് കൂട്ടുനിന്ന പ്രാദേശിക നേതാവിനെതിരെ പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറാവുന്നില്ല. സരിതയുടെ ഒത്താശയില്‍ നിരവധി പേരെയാണ് സർക്കാര്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. സര്‍ക്കാരില്‍ നിന്നും പാർട്ടിയില്‍ നിന്നും ഇതിന് സരിതയ്ക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നതാണ് വ്യക്തമാകുന്നത്. സരിതയുടേതായി പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ ഇതിന്‍റെ വ്യക്തമായ സൂചനകളുണ്ട്.

എക്കാലവും ഇടതുമുന്നണിയുടെ ചട്ടുകമായിരുന്നു സരിത എന്നത് കൂടുതല്‍ ബലപ്പെടുത്തുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് കരുതുന്നത്.