സോളാർ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നു; പിന്നില്‍ ഗണേഷ് ഉള്‍പ്പെടെയുള്ളവർ: സിബിഐ റിപ്പോർട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

 

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നതായി സിബിഐ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്. കെ.ബി. ഗണേഷ്കുമാർ,ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാളിന്‍റെ ഇടപെടലും സിബിഐ ശേഖരിച്ച മൊഴിയിലുണ്ട്.

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി അംഗീകരിച്ച സിബിഐ റിപ്പോർട്ടിലാണ് അദ്ദേഹത്തെ കേസിൽ കുടുക്കാൻ നടന്ന ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമേ അവർ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര് എഴുതിച്ചേർക്കുന്നതിനായി തയാറാക്കിയ 4 കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്കു മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയതു വിവാദ ദല്ലാൾ ആണെന്ന് പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സിബിഐക്കു മൊഴി നൽകി. പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ എഴുതിയ ആദ്യ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ പരാമർശമോ ഇല്ലായിരുന്നു എന്നും ഇത് കൂട്ടിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തി.

പരാതിക്കാരി മറ്റൊരു കേസിൽ ജയിലിൽ കഴിയുമ്പോൾ കെ.ബി. ഗണേഷ് കുമാർ സഹായിയെ വിട്ടു കത്ത് കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐക്കു ലഭിച്ച മൊഴി. ഇക്കാര്യം ശരണ്യ മനോജിന്‍റെ മൊഴിയിലും ഉണ്ടായിരുന്നു. ഇതിനിടയിൽ കടന്നുവന്ന വിവാദ ദല്ലാളിന് 2 കത്തുകൾ കൈമാറിയതായി മനോജ് മൊഴി നൽകിയതായി സിബിഐ വ്യക്തമാക്കുന്നു. പിന്നീട് പരാതിക്കാരിയെ കേസുമായി മുന്നോട്ടുപോകാൻ സഹായിച്ചത് ഇയാളാണ്. മുഖ്യമന്ത്രിയുടെയടുത്തു പരാതിക്കാരിയെ എത്തിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് കേസ് സിബിഐക്കു വിടുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ പീഡന പരാതിയിൽ ഒരു തെളിവും കണ്ടെത്താൻ സിബിഐക്കു കഴിഞ്ഞില്ല. സാക്ഷിയാണെന്ന രീതിയില്‍ മൊഴി നല്‍കണമെന്ന് പരാതിക്കാരി പി.സി. ജോർജിനോട് നിർദേശിച്ചിരുന്നതായും റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ സിബിഐക്ക് പി.സി. ജോർജ് ഇത്തരത്തില്‍ മൊഴി നൽകിയില്ല. രാഷ്ട്രീയ വേട്ടയാടൽ ഏറെ നടന്ന കേസിൽ ഉമ്മൻ ചാണ്ടിയെ ഗൂഢാലോചന നടത്തി കുടുക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന മൊഴികളും തെളിവുകളും ആണ് കോടതി അംഗീകരിച്ചിരിക്കുന്നത്.

Comments (0)
Add Comment