ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വില കൂടി; വില കുറഞ്ഞത് ഐസക്കിനും സര്‍ക്കാരിനും

ധനമന്ത്രി തോമസ്  ഐസക്കിന്‍റെ പത്താമത് ബജറ്റ് സമീപഭാവിയില്‍ സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റത്തിന്‍റെ പെരുമഴയായിരിക്കും. അഞ്ച് വര്‍ഷത്തേക്ക് വിലവര്‍ധന ഉണ്ടാവില്ലെന്നായിരുന്നു ഇടതുപക്ഷമുന്നണിയുടേയും സി.പി.എമ്മിന്‍റെയും പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍. സി.പി.എമ്മിന്‍റെ മുഖപത്രമായ ദേശാഭിമാനിയില്‍ വെണ്ടക്ക നിരത്തിയത് ഇപ്പോഴും തെളിഞ്ഞുനില്‍ക്കുന്നു. ആ ദേശാഭിമാനി കണ്ടുകൊണ്ടുതന്നെ തോമസ് ഐസക്കിന്‍റെ പുതിയ ബജറ്റിലേക്ക് കടക്കാം.

സാധാരണക്കാരന് രാവിലെ പല്ലുതേക്കുമ്പോള്‍ തന്നെ വിലക്കയറ്റം അനുഭവപ്പെട്ടുതുടങ്ങും. ടൂത്ത് പേസ്റ്റിനും പച്ചക്കറികള്‍ക്കും സംസ്കരിച്ച പഴങ്ങള്‍ക്കും ശീതീകരിച്ച ഇറച്ചിക്കും ഹോട്ടല്‍ മുറിയിലെ താമസവും വെണ്ണയും പാല്‍ക്കട്ടിയും ഹെയര്‍ ഓയിലിനും ഹോട്ടല്‍ ഭക്ഷണത്തിനും ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്കും ഫ്ളാറ്റുകള്‍ക്കും വില്ലകള്‍ക്കും സിമന്‍റും കമ്പിയും മദ്യവും ഇക്കണോമി ക്ലാസ് വിമാനയാത്രയ്ക്കും, അങ്ങനെ എല്ലാത്തിനും വില കൂട്ടുന്നതായിരിക്കും തോമസ് ഐസക്കിന്‍റെ ബജറ്റ്. ഇതിനുപുറമെ ജി.എസ്.ടിയിലെ ഒരു ശതമാനം നികുതി കൂടിവരുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങള്‍ വിലക്കയറ്റത്തില്‍ കുത്തുപാളയെടുക്കുന്ന അവസ്ഥയിലേക്കാണ് തോമസ് ഐസക് തന്‍റെ ബജറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രളയദുരന്തത്തില്‍ അടിപതറിയ കേരളത്തിന്‍റെ സമ്പദ്ഘടനയ്ക്ക് ഒരുശതമാനം അധിക ജി.എസ്.ടി നികുതി നല്‍കേണ്ടതുമുണ്ട്. 1,785 കോടി രൂപയുടെ അധിക ഭാരമാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ചിട്ടുള്ളത്.

സിമിന്‍റിനും കമ്പിക്കും നികുതി വര്‍ധിപ്പിച്ചത് പ്രളയാനന്തര കേരളത്തെ പ്രതികൂലമായി ബാധിക്കും. സമസ്ത മേഖലകളിലും വിലക്കയറ്റത്തിന്‍റെ കുത്തൊഴുക്കായിരിക്കും ബജറ്റിന് ശേഷം കേരളം അഭിമുഖീകരിക്കുക. അഞ്ച് വര്‍ഷം സംസ്ഥാനത്ത് വിലവര്‍ധനയുണ്ടാവില്ലെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങളോട് പറഞ്ഞ പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞു. പിന്നെയും പറഞ്ഞു, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന്. കേട്ടാല്‍ മോശം തോന്നാത്ത പദപ്രയോഗങ്ങളിലൂടെ നമ്മെ മോഹിപ്പിച്ച ഈ സര്‍ക്കാരിന്‍റെ വാക്കുകള്‍ക്ക് വിലയില്ലാതാകുന്നത് മാത്രമാണ് ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്.

kerala budget 2019
Comments (0)
Add Comment