പിണറായി വിജയന് അമേരിക്കയിലും രക്ഷയില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമേരിക്കയിലും ചര്‍ച്ചാവിഷയം; സിനിമയിലെ ‘ശക്തന്‍മാരെ’ പിണറായി സംരക്ഷിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ്


തിരുവനന്തപുരം: മലയാള ചലച്ചിത്രമേഖലയെ പിടിച്ചുകുലുക്കിയ ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ തീര്‍ത്ത അലയൊലികള്‍ അന്തര്‍ദേശീയതലത്തിലും വീശുകയാണ്. ലോകത്തിലെ തന്നെ പ്രമുഖ മാധ്യമങ്ങളിലൊന്നായ ന്യൂയോര്‍ക്ക് ടൈംസ് ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് വാര്‍ത്ത നല്‍കിയിരിക്കുകയാണ്. ‘മി ടൂവില്‍ വിറച്ച് ദണിണേന്ത്യന്‍ സിനിമ’ എന്നര്‍ത്ഥം വരുന്ന തലക്കെട്ടില്‍ ഓഗസ്റ്റ് 30നാണ് ന്യൂയോര്‍ക്ക് ടൈംസ്, റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിസംഗതാ മനോഭാവത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പത്രം ഉയര്‍ത്തുന്നത്. റിപ്പോര്‍ട്ട് തടഞ്ഞുവച്ചതിലൂടെ സിനിമാ മേഖലയിലെ ശക്തന്മാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിച്ചുവെന്ന ആരോപണവും പത്രം ഇന്നയിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് പുറത്തുവരാന്‍ കാരണമായ മാധ്യമ ഇടപെടലുകളെയും ന്യൂയോര്‍ക്ക് ടൈംസ് പ്രകീര്‍ത്തിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ജയിലിലായതും അതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും കാരണം സര്‍ക്കാര്‍ സമിതിയെ നിയോഗിക്കാന്‍ നിര്‍ബന്ധിതരായി. ഇതേ തുടര്‍ന്ന് 2019 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്നും പിന്നീട് മാധ്യമങ്ങളും വനിതാ സംഘടനകളും നടത്തിയ ഇടപെടലുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വരാന്‍ കാരണമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

ഹേമ കമ്മറ്റി രൂപീകരിച്ച സാഹചര്യവും വെളിപ്പെടുത്തലുകളും സമിതി നല്‍കിയ ശുപാര്‍ശകളുടേയും പ്രസക്തിയും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നുണ്ട്. 2017ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വരെ ചൂണ്ടിക്കാട്ടി തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നു.

Comments (0)
Add Comment