പൗരത്വ നിയമം നടപ്പിലാക്കിയ മോദിയും കേസെടുത്ത പിണറായിയും തമ്മില്‍ വ്യത്യാസമില്ല: എം.എം. ഹസന്‍

 

തിരുവനന്തപുരം: ഉണ്ടിരുന്ന തമ്പുരാന് ഉൾവിളി വന്നതു പോലെയാണ് മുഖ്യമന്ത്രി പൗരത്വ നിയമത്തെക്കുറിച്ച് സംസാരിച്ചതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍. കേന്ദ്ര നിയമം നടപ്പിലാക്കാതിരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നിരിക്കെ സിഎഎ കേരളത്തിൽ നടപ്പിലാക്കില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് പരിഹാസ്യമാണ്. ഇത് വോട്ടു ബാങ്കില്‍ കണ്ണുവെച്ചാണ്. ആർജ്ജവം ഉണ്ടെങ്കിൽ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കൊടുത്തതുപോലെ കേന്ദ്രത്തിനെതിരെ കേസ് കൊടുക്കാന്‍ പിണറായി വിജയന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വത്തിന്‍റെ മാനദണ്ഡം മതമാക്കിയതാണ് ഭരണഘടനാ വിരുദ്ധമായത്. മൗലികാവകാശത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും ലംഘനമാണിത്. വോട്ട് ബാങ്കിനെ കണ്ണുവെച്ചാണ് മുഖ്യമന്ത്രി പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പറയുന്നതെന്ന് എം.എം. ഹസന്‍ ചൂണ്ടിക്കാട്ടി. നിയമസഭാ അക്രമക്കേസ് പിൻവലിക്കാൻ ശ്രമിച്ച സർക്കാർ പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലെടുത്ത കേസുകൾ പിൻവലിക്കാൻ ശ്രമിച്ചില്ല. നിയമം കൊണ്ടുവന്ന മോദിയും അതിനെതിരെ സമരം ചെയ്തവർക്കെതിരെ കേസെടുത്ത പിണറായിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും എം.എം. ഹസന്‍ കുറ്റപ്പെടുത്തി.

എസ്എഫ്ഐയുടെ അതിക്രമത്തെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് എം.എം. ഹസന്‍ ആവശ്യപ്പെട്ടു. എസ്എഫ്ഐ അതിക്രമങ്ങൾ കാട്ടുന്ന ക്യാമ്പസുകളിൽ നിരോധനം ഏർപ്പെടുത്തണം. എസ്എഫ്ഐയുടെ അതിക്രമങ്ങളെക്കുറിച്ച് ഒരു സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഹൈക്കോടതി അന്വേഷണം നടത്തണം. ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിന്‍റെ സ്ഥാനാർത്ഥിത്വം ഇടതുമുന്നണിയുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചെന്നും എം.എം. ഹസന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment