പ്രശ്‌നങ്ങളുണ്ട്; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തളര്‍ച്ചയില്‍ ആശങ്കയറിയിച്ച് എച്ച്.ഡി.എഫ്.സി ചെയര്‍മാന്‍

Jaihind Webdesk
Sunday, August 4, 2019

മുംബൈ: ഇന്ത്യയുടെ സാമ്പത്തികാവസ്ഥയിലെ തളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് എച്ച്.ഡി.എഫ്.സി ചെയര്‍മാന്‍ ദീപക് പരേക്. എല്‍ ആന്റ് ടി മേധാവി എ.എം. നായിക് കഴിഞ്ഞദിവസം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് കൂടുതല്‍ കോര്‍പ്പറേറ്റ് തലവന്‍മാര്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആശങ്കയറിയിച്ച് രംഗത്തുവരുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ തളര്‍ച്ചയുണ്ട്. എന്‍.ബി.എഫ്.സികളിലേയും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളിലേയും പ്രതിസന്ധിയാണ് രാജ്യത്തെ തളര്‍ച്ചക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നുണ്ട്. 2019ല്‍ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 6.8 ശതമാനത്തിലേക്ക് താഴ്ന്നത് ഇതിന്റെ തെളിവാണ്. രാജ്യത്തെ ഉപഭോഗവും കുറയുകയാണ്. എന്നാല്‍ സമ്പദ്‌വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.  വാണിജ്യാവശ്യങ്ങള്‍ക്കുള്ള റിയല്‍ എസ്‌റ്റേറ്റ് കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. പല നഗരങ്ങളിലും റിയല്‍ എസ്‌റ്റേറ്റ് സെക്ടറില്‍ തകര്‍ച്ച നേരിടുകയാണ്. ആഡംബര ഭവനങ്ങളുടെ വില്‍പന കുറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  യു.എസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് ഗുണകരമായി മാറും. ചൈന വിടുന്ന വ്യവസായ യൂണിറ്റുകള്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമ്പദ്‌വ്യവസ്ഥയിലെ സ്ഥിതിയില്‍ ആശങ്ക പ്രകടപ്പിച്ച് എല്‍&ടി മേധാവിയും രംഗത്തെത്തിയിരുന്നു.