നേതാക്കള്‍ക്കെതിരെ വ്യക്തികേന്ദ്രീകൃത വിമര്‍ശനം ഉണ്ടായിട്ടില്ല; ചില മാധ്യമങ്ങളിലെ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്, തിരുത്താന്‍ തയാറാകണമെന്ന്  കെ. സുധാകരന്‍ എംപി

 

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്രിയാത്മകമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമാണ് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവില്‍ പങ്കെടുത്ത ഓരോ പ്രതിനിധിയും പങ്കുവെച്ചതെന്നും ഏതെങ്കിലും ഒരു നേതാവിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും ക്യാമ്പിലുണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി.

ക്യാമ്പില്‍ കെ. മുരളീധരനെതിരെ വിമർശനം ഉയർന്നതായി ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത പൂര്‍ണ്ണമായും അടിസ്ഥാനരഹിതവും ശുദ്ധ അസംബന്ധവുമാണ്. കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ ഉണര്‍വും ദിശാബോധവും നല്‍കുന്ന ചര്‍ച്ചകളാണ് കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവില്‍ നടന്നത്. കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ആദ്യമാണ് സംഘടനാചര്‍ച്ചകള്‍ പുറത്തുവരാതെ നടത്തിയ ഈ സമ്മേളനം. ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. ഇതിന് കടകവിരുദ്ധമായ വാര്‍ത്ത എവിടെ നിന്നാണ് ലഭിച്ചത് എന്നത് മാധ്യമങ്ങള്‍ വ്യക്തമാക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

സത്യത്തിന്‍റെ കണികപോലുമില്ലാത്ത ഈ വാര്‍ത്ത പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നത് മാത്രമാണ്. നല്ലരീതിയില്‍ നടന്ന കെപിസിസി ക്യാമ്പ് എക്സിക്യൂട്ടിവിന്റെ മഹത്വവും പ്രസക്തിയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമായാണ് ഈ വാര്‍ത്തയെ കെപിസിസി കാണുന്നത്. ഈ വാര്‍ത്തകളുടെ ഉറവിടം പരിശോധിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണം. മാധ്യമപ്രവര്‍ത്തനത്തിന്‍റെ വിശ്വാസ്യത തകര്‍ക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമാണ് ഇത്തരത്തിലുള്ള വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍.തെറ്റുതിരുത്താന്‍ ഈ മാധ്യമങ്ങള്‍ തയാറാകണമെന്നും കെ. സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

Comments (0)
Add Comment