ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങളുമായി ഹൈക്കോടതി; റിപ്പോർട്ടില്‍ ഗുരുതര പ്രശ്നങ്ങള്‍, പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാന്‍ നിർദ്ദേശം

 

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങളുമായി ഹൈക്കോടതി. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. റിപ്പോർ‍ട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ചോദിച്ച ഹൈക്കോടതി കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്നും ആരാഞ്ഞു.  ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാനും ഹൈക്കോടതി സർക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തു നടപടിയെടുക്കാൻ സാധിക്കുമെന്ന് സർക്കാർ അറിയിക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഗുരുതര കുറ്റങ്ങളിൽ എന്തു നടപടി എടുക്കാൻ സാധിക്കുമെന്ന് അറിയിക്കണമെന്നും സർക്കാരിനോട് കോടതി നിർദേശിച്ചു. നടപടിയെടുത്തില്ലെങ്കിൽ കമ്മിറ്റി രൂപീകരിച്ചത് പാഴ്‌വേലയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. മൊഴി നൽകിയവർക്ക് നേരിട്ട് മുമ്പില്‍ വരാൻ താൽപര്യം ഉണ്ടോയെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.

Comments (0)
Add Comment