ധൂര്‍ത്തടിക്കാന്‍ കോടികളുണ്ട്, ശമ്പളകുടിശിക നല്‍കാന്‍ പണമില്ല ; സർക്കാർ ഡോക്ർമാർ സമരത്തിലേക്ക്

Jaihind News Bureau
Tuesday, March 2, 2021

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിലും കുടിശിക നല്‍കാത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. കൊവിഡ് വ്യാപനം തടയാന്‍ കഠിന പ്രയത്‌നം നടത്തിയ തങ്ങളെ തഴയുന്ന സർക്കാർ നിലപാടിനെതിരെ  ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ വിവിധ പ്രതിഷേധപരിപാടികള്‍ നടത്തും. ശമ്പള കുടിശിക നല്‍കാന്‍ പണമില്ലെന്ന് പറയുകയും അതേസമയം പരസ്യത്തിനായി ധൂർത്തടിക്കാന്‍ കോടികള്‍ ചെലവഴിക്കുകയും ചെയ്യുന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെ അതിരൂക്ഷമായി വിമർശിക്കുന്ന പോസ്റ്ററുകളും കാർഡുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

മാധ്യമങ്ങളുടെ മുമ്പില്‍ തങ്ങളെ പ്രശംസിക്കുകയും പിന്നീട് പുറകില്‍ നിന്നും കുത്തുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പറയുന്നു.  സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാര്‍ക്കും കാലതാമസം കൂടാതെ ശമ്പള വര്‍ധന നല്‍കിയപ്പോള്‍, സ്വന്തം ജീവന്‍ പോലും അവഗണിച്ചു സംസ്ഥാനത്തെ കൊവിഡ് ദുരന്തത്തില്‍ നിന്നു കര കയറ്റാന്‍ പ്രയത്‌നിച്ച മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും നല്‍കിയില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ക്ക് 2016 ല്‍ ലഭിക്കേണ്ട ശമ്പളപരിഷ്‌കരണം 2020 വരെ നീണ്ടു പോയി. ഈ കാലയളവില്‍ കിട്ടേണ്ട അലവന്‍സുകള്‍ അടക്കമുള്ള ശമ്പള കുടിശിക ലഭിച്ചില്ല.

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് 2017 ജൂലൈ ഒന്ന് മുതല്‍ അലവന്‍സ് പരിഷ്‌കരണം അടക്കമുള്ള അരിയറിന് അര്‍ഹതയുണ്ടെന്ന് സർക്കാരുമായുള്ള ചർച്ചയ്ക്ക് പിന്നാലെ  മിനിറ്റ്സ്  ചെയ്തിരുന്നു. എന്നാല്‍ ഉത്തരവില്‍ 2019 ജൂലൈ ഒന്നു മുതല്‍ മാത്രമാണ് അലവന്‍സിന്‍റെ അരിയര്‍ അനുവദിച്ചത്. 2017 ജൂലൈ ഒന്നു മുതല്‍, 2019 ജൂണ്‍ 30 വരെയുള്ള അലവന്‍സിന്‍റെ അരിയര്‍ നഷ്ടപ്പെട്ടുവെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തുന്നു. ഈ കാലയളവിലെ കുടിശിക തങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. കൊവിഡ് പോലെ ഒരു മഹാമാരിയെ ചെറുക്കാന്‍ മുന്‍നിരയില്‍ നിന്ന തങ്ങള്‍ക്ക് സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള അവഗണനക്കെതിരെ സമരരംഗത്തേക്ക് ഇറങ്ങാനാണ് കെജിഎംസിടിഎയുടെ തീരുമാനം.