വയനാടില്‍ നിർത്തിയിട്ട കാറുകളിൽ ചില്ല് തകർത്ത് മോഷണം; പോലീസിൽ പരാതി നൽകി

 

വയനാട്: കൽപ്പറ്റയിൽ നിർത്തിയിട്ട കാറുകളിൽ ചില്ല് തകർത്ത് മോഷണം. കൽപ്പറ്റ എമിലി സ്വദേശി കാവുമ്പാടൻ സിദ്ദീഖ്, പുൽപ്പാറ സ്വദേശി ആലിങ്ങൽ റിസ്വാൻ എന്നിവരുടെ വാഹനങ്ങളിലാണ് മോഷണം നടന്നത്. സംഭവത്തിൽ കൽപ്പറ്റ പോലീസിൽ പരാതി നൽകി.

ഇന്നലെ രാത്രി 10:30 ഓടെയാണ് സംഭവം. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് മുന്നിൽ പാർക്ക് ചെയ്ത കാറുകളിലാണ് മോഷണം നടന്നത്. ഓഡിറ്റോറിയത്തിൽ കല്യാണത്തിന് പോയശേഷം തിരിച്ചു വന്നപ്പോഴാണ് ഉടമസ്ഥർ കാറിന്‍റെ ചില്ല് പൊട്ടിയ നിലയിൽ കണ്ടത്. മോഷ്ടാവ് കല്ലുകൊണ്ട് പുറകിലെ ചില്ല് പൊട്ടിച്ച ശേഷം മോഷണം നടത്തുകയായിരുന്നു. സമീപത്തെ കാറും സമാന രീതിയിൽ ചില്ല് പൊട്ടിച്ചാണ് മോഷണം നടത്തിയത്.

സിദ്ദിഖിന്‍റെ കാറിൽ നിന്നും പണം, താക്കോൽ, ഐഡന്‍റിറ്റി കാർഡ്, മറ്റ് വിലപ്പെട്ട രേഖകകൾ അടങ്ങിയ ബാഗാണ് മോഷണം പോയത്. റിസ്വാന്‍റെ കാറിൽ നിന്നും, വിലകൂടിയ വസ്ത്രങ്ങൾ, മാറ്റാൻ ഇരുന്ന കാറിന്‍റെ പാർട്സ് എന്നിവയും മോഷണം പോയി. റോഡരികിൽ നിരവധി കാർ ഈ സമയത്ത് ഉണ്ടായിരുന്നെങ്കിലും, സാധനങ്ങൾ കണ്ടെത്തി കാർ കേന്ദ്രീകരിച്ചായിരുന്നു മോഷണം. സംഭവത്തിൽ ഇരുവരും കൽപ്പറ്റ പോലീസിൽ പരാരി നൽകിയിട്ടുണ്ട്.

Comments (0)
Add Comment