കാണാതായ യുവതിയുടെ മൃതദേഹം കിണറ്റില്‍; പിന്നാലെ ഭർത്താവ് മുങ്ങി; കേസെടുത്ത് വൈത്തിരി പോലീസ്

 

വയനാട്: രണ്ടുദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീടിനു സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തി. വയനാട് പൊഴുതന ഇടിയംവയൽ ഇഎംഎസ് കോളനിയിലെ 42 വയസുള്ള മീനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിനുശേഷം മീനയുടെ ഭർത്താവിനെ കാണാതായതോടെ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വയനാട് പൊഴുതന ഇടിയംവയൽ സ്വദേശി മീനയെ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് കാണാതായത്. രണ്ടു ദിവസം തിരച്ചിൽ നടത്തിയിട്ടും യാതൊരുവിധ വിവരവും ലഭിച്ചിരുന്നില്ല. ഇന്നുരാവിലെ മീനയുടെ മകൻ ദേവദാസ് വെള്ളമെടുക്കാനായി കിണറ്റിന് സമീപത്തെത്തിയപ്പോഴായിരുന്നു കിണറ്റിനുള്ളിൽ അമ്മ മീനയുടെ മൃതദേഹം കണ്ടത്. പിന്നീട് പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് ഫയർഫോഴ്‌സിന്‍റെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.

എന്നാൽ സംഭവം അറിഞ്ഞതുമുതൽ മീനയുടെ ഭർത്താവ് ശങ്കരനെ കാണുന്നില്ല. സ്ഥിരം മദ്യപാനിയായ ശങ്കരനും മീനയും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ദുരൂഹത തോന്നിയ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments (0)
Add Comment