കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള വോട്ട് വ്യത്യാസം 0.26 ശതമാനം മാത്രം ; പക്ഷെ സിപിഎമ്മിന് കൂടുതല്‍ കിട്ടിയത് 46 സീറ്റുകള്‍

 

തിരുവനന്തപുരം :  ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതിനെക്കാള്‍ 8 സീറ്റുകളാണ് ഇടതുമുന്നണി അധികം കരസ്ഥമാക്കിയത്. അതേസമയം സീറ്റുകളില്‍ അന്തരമുണ്ടെങ്കിലും  വോട്ട് വിഹിതത്തിൽ നേരിയ വ്യത്യാസം മാത്രമേ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ളൂ.

67 സീറ്റുകളാണ് സിപിഎമ്മിന് ഇത്തവണ ലഭിച്ചത്. 25.38 ശതമാനമാണ് സിപിഎമ്മിന്‍റെ വോട്ട് വിഹിതം. എന്നാൽ കോൺഗ്രസിന് ലഭിച്ച വോട്ട് വിഹിതം 25.12 ശതമാനം ആണ്. അതായത് ഇരു പാർട്ടികളും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 0.26 ശതമാനമാണ്. 21 സീറ്റുകളാണ് കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 21 സീറ്റുകളിലായിരുന്നു കോൺഗ്രസ് ജയിച്ചിരുന്നത്.

എൽഡിഎഫിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സിപിഐക്ക് ലഭിച്ചത് 7.58 ശതമാനം വോട്ടുകളാണ്. 23 സീറ്റിൽ മത്സരിച്ച സിപിഐ 17 സീറ്റിലാണ് ഇത്തവണ വിജയിച്ചത്. മറുവശത്ത് യുഡിഎഫിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ലീഗിന് 8.27 ശതമാനം വോട്ട് നേടായി. അതായത് സിപിഐയെക്കാൾ 0.69 ശതമാനം വോട്ട് ഷെയർ അധികം. ലീഗിന് 15 സീറ്റുകളിലായിരുന്നു വിജയിക്കാൻ സാധിച്ചത്.

ഇരുമുന്നണികളിലേയും മറ്റ് പാർട്ടികളുടെ വോട്ട് വിഹിതം ഇപ്രകാരമാണ് : എൽഡിഎഫിൽ കേരള കോൺഗ്രസ് എം – 3.28 ശതമാനം, ജനതാദള്‍ സെക്കുലര്‍ – 1.28 %, എൻസിപി – 0.99 % എന്നിങ്ങനെയാണ് വോട്ട് വിഹിതം. ഇതിൽ എൽഡിഎഫിൽ കേരള കോൺഗ്രസ് എം 5 സീറ്റിലും ജെഡിഎസ് – 2, എൻസിപി – 2, എൽജെഡി – 1, ഐഎൻഎൽ – 1, കോൺഗ്രസ് എസ് – 1, ആർഎസ്പി ലെനിനിസ്റ്റ് – 1, കേരള കോൺഗ്രസ് ബി – 1, ജനാധിപത്യ കേരള കോൺഗ്രസ് ഒന്ന് ഇങ്ങനെയാണ് ഘടകക്ഷികൾക്ക് ലഭിച്ച സീറ്റുകൾ.

യുഡിഎഫിൽ കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗത്തിന് 2 സീറ്റ്, മാണി സി കാപ്പന്‍റെ എൻസികെ, കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം, ആർഎംപി എന്നിവർക്ക് ഓരോ സീറ്റുകൾ വീതവുമാണ് ലഭിച്ചത്. അതേസമയം 11.3 ശതമാനം വോട്ട് വിഹിതം ലഭിച്ച ബിജെപിക്ക് ആവട്ടെ കേരളത്തിൽ ഒറ്റ സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചില്ല.

Comments (0)
Add Comment