കൊവിഡ് മാനദണ്ഡം പാലിച്ച് സർക്കാരിനെതിരായ സമരം തുടരുമെന്ന് യുഡിഎഫ് ; ആള്‍ക്കൂട്ടവും പ്രകടനവും ഉണ്ടാവില്ല

Jaihind News Bureau
Sunday, October 4, 2020

 

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം പാലിച്ച് സർക്കാരിനെതിരായ സമരം തുടരുമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം ഹസന്‍. 12ന് അഞ്ചുപേർ പങ്കെടുക്കുന്ന സമരം നിയോജകമണ്ഡലങ്ങളില്‍ നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അഴിമതിയുടെ പെരുമഴക്കാലമാണ് ഇടതുസർക്കാരിന്‍റെ കാലത്തുണ്ടായത്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം സർക്കാർ പരാജയപ്പെട്ടു.  പ്രതിപക്ഷം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രത്യാക്രമണം നടത്താനാണ് സർക്കാർ ശ്രമിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ പ്രതിപക്ഷം സർക്കാരിന് പൂർണപിന്തുണ നല്‍കി. എന്നാല്‍ പ്രതിരോധപ്രവർത്തനങ്ങളെ സർക്കാർ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് താത്കാലികമായി സമരം നിർത്തിയപ്പോള്‍ സമരത്തില്‍ നിന്നും ഒളിച്ചോടുന്നുവെന്നാണ് സിപിഎം പരിഹസിച്ചത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരപരമ്പരയുടെ ഭാഗമായി ഈ മാസം 12ന് നിയോജകമണ്ഡലങ്ങളില്‍ അഞ്ചുപേരെ മാത്രം പങ്കെടുപ്പിച്ച് സമരം നടത്തുമെന്നും എം.എം ഹസന്‍ അറിയിച്ചു.