ശബരിമലയില്‍ വിശ്വാസസംരക്ഷണത്തിന് സാധ്യമായ എല്ലാ നടപടികളും യുഡിഎഫ് സ്വീകരിച്ചു ; എൻഎസ്എസ് നിലപാട് തെറ്റിദ്ധാരണ മൂലം : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, February 10, 2021

 

തിരുവനന്തപുരം : ശബരിമല വിശ്വാസ സംരക്ഷണത്തിനായി സാധ്യമായ എല്ലാ നടപടികളും യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തിലെ എൻ എസ് എസ് നിലപാട് തെറ്റിദ്ധാരണ മൂലമാണ്.
തെറ്റിദ്ധാരണ നീക്കാൻ എൻ എസ് എസുമായി സംസാരിക്കാൻ തയ്യാറാണെന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിനായി നിയമസഭയിൽ എം. വിൻസെന്റ് സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവതരണാനുമതി ലഭിച്ചില്ല. കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച കാര്യവും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ശബരിമലയിൽ യു ഡി എഫ് രാഷ്ട്രീയ മുതലെടുപ്പിനില്ല. വിശ്വാസത്തിന്റെ പ്രശ്നമായാണ് കാണുന്നത്. ഇക്കാര്യത്തിൽ സിപിഎം കള്ളക്കളി അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

യാക്കോബായ- ഓർത്തഡോക്സ് തർക്കം സമാധാനപരമായി തീർക്കാനാണ് യുഡിഎഫ് ശ്രമം. ഇരു വിഭാഗവുമായി ചർച്ച നടത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ സർക്കാർ മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ നടത്തി.
ഒരു മാർഗവും ഇല്ലാതായപ്പോഴാണ് ഉദ്യോഗാർത്ഥികൾ സമരത്തിനിറങ്ങിയത്. സമരത്തെ അടിച്ചമർത്തുന്നത് അംഗീകരിക്കാനാകില്ല. അടിയന്തിരമായി പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.