വാളയാർ കേസ് : രണ്ട് പ്രതികളെ റിമാന്‍റ് ചെയ്തു; ജാമ്യാപേക്ഷ 22ന് പരിഗണിക്കും

Jaihind News Bureau
Wednesday, January 20, 2021

വാളയാർ കേസില്‍ രണ്ട് പ്രതികളെ റിമാന്‍റ് ചെയ്തു. പ്രതികളായ വി.മധു, ഷിബു എന്നിവരെയാണ് റിമാന്‍റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ജനുവരി 22ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. മറ്റൊരു പ്രതിയായ എം.മധുവിന് ഹൈക്കോടതി നല്കിയ ജാമ്യം തുടരും

പാലക്കാട് പോക്സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് പ്രതികൾ ഇന്ന് വീണ്ടും വിചാരണ കോടതിയിൽ ഹാജരായത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പുറത്തിറങ്ങിയാൽ വീണ്ടും തെളിവുകൾ നശിപ്പിക്കും എന്നും പ്രോസിക്യൂഷൻ വാദിച്ചു ഒപ്പം തന്നെ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വി മധു ഷിബു എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

തുടർ അന്വേഷണത്തിനായി പോലീസ് സമർപ്പിച്ച അപേക്ഷ പ്രതികളുടെ ജാമ്യാപേക്ഷയോടൊപ്പം ജനുവരി 22 ന് പരിഗണിക്കും. കോടതി നടപടി പ്രതീക്ഷിച്ചതാണെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരായ സമരം തുടരുമെന്നും സമരസമിതി പറഞ്ഞു.

റിമാൻഡ് ചെയ്ത പ്രതികളെ ജയിലിലേക്ക് മാറ്റി.