സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റർ പരീക്ഷകൾ മാറ്റിവെക്കണം ; കെ.എസ്.യു ഗവർണർക്ക് പരാതി നല്‍കി

തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെ.എസ്.യു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കെ.എസ്.യു പരാതി നൽകി. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി കെ.എസ്.യു രംഗത്തെത്തിയത്.

ജൂലൈ 1 മുതലാണ് സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താനിരിക്കുന്നത്. യു.ജി.സി അടക്കം പരീക്ഷകൾ മാറ്റിവെക്കാൻ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കേരള സാങ്കേതിക സർവകലാശാല പരീക്ഷാ നടപടികളുമായി മുന്നോട്ടു പോകുന്നത്.

ഹോട്ട്സ്പോട്ട് മേഖലകൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താനുള്ള വാഹന സൗകര്യം പോലും ലഭ്യമല്ലെന്ന് കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും  കെ.എസ്.യു ആവശ്യപ്പെട്ടു.

Comments (0)
Add Comment