ബുള്‍ഡോസര്‍രാജിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി; ‘പൊളിക്കലുകള്‍ നിര്‍ത്തിവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് വിമര്‍ശനം

ഡല്‍ഹി: രാജ്യത്ത് ബുള്‍ഡോസര്‍ രാജ് തടഞ്ഞ് സുപ്രീംകോടതി. അനുമതിയില്ലാതെ രാജ്യത്ത് ഇനി ബുള്‍ഡോസര്‍ രാജ് നടപ്പാക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതു റോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയേറ്റങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

ബുള്‍ഡോസര്‍ നടപടിക്കെതിരെ ഗുജറാത്ത് സ്വദേശിയുടെ ഉള്‍പ്പടെയുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. കേസ് അടുത്ത വാദം കേള്‍ക്കുന്നതിനായി ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റി. അന്നുവരെ ബുള്‍ഡോസര്‍ രാജ് നടപ്പാക്കരുതെന്നാണ് ഉത്തരവ്.

കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാന്‍ പാടില്ല. സര്‍ക്കാരുകള്‍ ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്നത് നിയമങ്ങള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ ഓടിച്ചുകയറ്റുന്നതിന് തുല്യമെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു ആരെങ്കിലും ഒരു കേസില്‍ പ്രതിയായെന്നത് കൊണ്ട് ആ വ്യക്തിയുടെയോ ബന്ധുക്കളുടെയോ വസ്തുവകകള്‍ ഇടിച്ചുനിരത്തുന്നത് നിയമത്തെ ഇടിച്ചുനിരത്തുന്നതിനു തുല്യമാണെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ബുള്‍ഡോസര്‍ രാജിന് എതിരെ ഈ മാസത്തില്‍ മൂന്നാം തവണയാണ് സുപ്രീം കോടതി ആഞ്ഞടിക്കുന്നത്.

നേരത്തെ ബുള്‍ഡോസര്‍ രാജില്‍ കോടതി ആശങ്ക രേഖപ്പെടുത്തിയ അവസാന വാദത്തിന് ശേഷവും മന്ത്രിമാര്‍ ചില പ്രസ്താവനകള്‍ നടത്തിയതായി കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ‘ഉത്തരവിന് ശേഷം ബുള്‍ഡോസര്‍ തുടരുമെന്ന് പ്രസ്താവനകള്‍ വന്നിട്ടുണ്ട്…’ ജസ്റ്റിസ് ഗവായ് പറഞ്ഞു.

Comments (0)
Add Comment