ട്രെയിനുകൾ വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

 

ന്യൂഡല്‍ഹി : വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ട്രെയിനുകൾ വൈകി ഓടിയാൽ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. സ്വകാര്യ മേഖലയുമായി പിടിച്ചുനിൽക്കാൻ പൊതുമേഖല മെച്ചപ്പെടണമെന്നും സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.

ട്രെയിനുകൾ വൈകി ഓടുന്നതിന് നിരവധി കാരണങ്ങൾ ഉണ്ടാകുമെന്നും എന്നാൽ അത് തെളിവ് സഹിതം വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ റെയിൽവേ ഉത്തരവാദിത്തം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുകയും വേണം. കൂടാതെ യാത്രക്കാരുടെ സമയം വിലപ്പെട്ടതാണെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

2016 ൽ ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിൻ നാല് മണിക്കൂർ വൈകിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നൽകാനും വെസ്റ്റേൺ റെയിൽവേയോട് കോടതി നിർദ്ദേശിച്ചു.

Comments (0)
Add Comment