മഴയുടെ ശക്തി കുറഞ്ഞു; ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി : ശക്തമായ മഴയില്‍ നീരൊഴുക്ക് കൂടിയതിന് പിന്നാലെ തുറന്ന ഇടുക്കി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ അടച്ചു.മഴയുടെ ശക്തി കുറഞ്ഞതോടെയാണ് തുറന്ന മൂന്ന് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചത്. അതേസമയം ചക്രവാതച്ചുഴിയെ തുടര്‍ന്നുള്ള മഴ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇടുക്കി ഡാമിന്‍റെ 2, 4 ഷട്ടറുകളാണ് അടച്ചത്. മൂന്നാമത്തെ ഷട്ടര്‍ 40 സെന്‍റിമീറ്ററാക്കി ഉയര്‍ത്തി. സെക്കന്‍ഡില്‍ നാല്‍പതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. മഴ ശക്തമായതിനെ തുടർന്ന് മൂന്ന് ഷട്ടറുകളും 35 സെ.മീ വീതമായിരുന്നു ഉയർത്തിയത്.

അതേസമയം തെക്കന്‍ തമിഴ്നാട് തീരത്ത് രൂപം കൊണ്ട് ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഇടിമിന്നലും കാറ്റും ഉണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്. പത്ത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Comments (0)
Add Comment