സ്കൂളുകളില്‍ ഉച്ചഭക്ഷണം തയാറാക്കുന്ന തൊഴിലാളികള്‍ക്ക് വേതനം നല്‍കാതെ സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണം തയാറാക്കുന്ന പാചകത്തൊഴിലാളികൾക്ക് വേതനം നൽകാതെ സംസ്ഥാന സർക്കാർ. സ്കൂളുകളിൽ ഭക്ഷണം തയാറാക്കുന്ന പാചക തൊഴിലാളികൾക്ക് രണ്ട് മാസത്തോളമായി  വേതനം ലഭിച്ചിട്ട്. താൽക്കാലിക പാചക തൊഴിലാളികൾക്കും ദിവസക്കൂലി ലഭിച്ചിട്ട് രണ്ട് മാസത്തിൽ ഏറെയായി.

അവശ്യവസ്തുക്കളുടെ വിലക്കയറ്റം കാരണം പ്രതിസന്ധി നേരിടുന്ന വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് പാചകത്തൊഴിലാളികൾക്ക് വേതനം ലഭിക്കാത്തത്. സംസ്ഥാനത്തെ 12,000 പൊതു വിദ്യാലങ്ങളിലാണ് വിദ്യാർത്ഥികൾക്കായി ഉച്ചഭക്ഷണ വിതരണം നടക്കുന്നത്. മിക്ക വിദ്യാലയങ്ങളിലും താൽക്കാലിക പാചക തൊഴിലാളികളാണ് ഉച്ചഭക്ഷണം തയാറാക്കുന്നത്. ഉച്ചഭക്ഷണം തയാറാക്കുന്നവർക്ക് ഒരു ദിവസം സംസ്ഥാന സർക്കാർ 500 രൂപയും കേന്ദ്ര സർക്കാർ മാസത്തിൽ 600 രൂപയുമാണ് നൽകുന്നത് എന്നാൽ രണ്ട് മാസത്തിലേറെയായി പാചക തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട്. സംസ്ഥാന സർക്കാർ നൽകുന്ന വേതനമാണ് ലഭിക്കാത്തത്.

വിദ്യാലയങ്ങൾ അവധി ആവുന്ന ദിവസങ്ങളിൽ മറ്റ് തൊഴിൽ ചെയ്താണ് പാചക തൊഴിലാളികൾ കുടുംബം പുലർത്തുന്നത്. വേതനം ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പാചകത്തൊഴിലാളികൾ പറയുന്നത്. സി.ഐ.ടി.യു നേതൃത്വം നൽകുന്ന പാചക തൊഴിലാളികളുടെ യൂണിയൻ ഉണ്ടെങ്കിലും എൽ.ഡി.എഫ് സർക്കാർ ഭരണത്തിന് നേതൃത്വം നൽകുന്നതിനാൽ അവർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്.

Schoolmidday meals
Comments (0)
Add Comment