പ്രധാനമന്ത്രിയെ വിമർശിക്കുന്നവരുടെ സമൂഹമാധ്യമ അക്കൌണ്ടുകള്‍ക്ക് പൂട്ട് വീഴുന്നത് തുടരുന്നു. കവി സച്ചിദാനന്ദന് പിന്നാലെ കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസിന്‍റെ ഫേസ്ബുക്ക് അക്കൌണ്ടിനും വിലക്ക് ഏർപ്പെടുത്തി.
ഒരു മാസത്തേക്കാണ് അഡ്വ അനില്‍ ബോസിന് ഫേസ്ബുക്കില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. 30 ദിവസത്തേക്ക് അക്കൌണ്ടില്‍ നിന്ന് ലൈവോ മറ്റ് പോസ്റ്റുകളോ നല്‍കാനാവില്ല. രാജ്യത്ത് ഉയർന്നുവരുന്ന നിരവധി പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും അതും അവരുടെ ട്വിറ്റർ ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടിക്കുകയും ചെയ്യുന്നത് ഭീരുക്കളുടെ നടപടിയാണെന്ന് അഡ്വ. അനിൽ ബോസ് പ്രതികരിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചൂവിലങ്ങിടുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കവി സച്ചിദാനന്ദന്‍റെ ഫേസ്ബുക്ക് അക്കൌണ്ടിനും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. 24 മണിക്കൂർ നേരത്തേക്ക് വീഡിയോ പോസ്റ്റു ചെയ്യുന്നതിനും ഒരു മാസത്തേക്ക് ലൈവ് വരുന്നതിനും വിലക്കുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫേസ്ബുക് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചു. ബിജെപിയെ വിമർശിക്കുന്നവർ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നതായും ഭരണകൂടവും ഫേസ്ബുക്കും തമ്മില്‍ ധാരണയുണ്ടെന്നാണ് മനസിലാകുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.