‘ദ്വീപിലെ അവസ്ഥ പരിതാപകരം, അടിയന്തര ഇടപെടല്‍ വേണം’ ; ലക്ഷദ്വീപ് ബിജെപി സെക്രട്ടറി പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

Jaihind Webdesk
Tuesday, May 25, 2021

പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിന് ശേഷം ലക്ഷദ്വീപിന്‍റെ അവസ്ഥ പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടി ദ്വീപിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത്. പുതിയ പരിഷ്‌കാരങ്ങള്‍ കാരണം ജനം ദുരിതത്തിലാണെന്നും സഹായിക്കാന്‍ ആരുമില്ലെന്നും ഏപ്രില്‍ 20ന് അയച്ച കത്തില്‍ പറയുന്നു.

മുമ്പത്തെ അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മയുടെ മരണശേഷം ചുമതലപ്പെടുത്തിയ പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ദ്വീപ് നിവാസികളെ ദുരിതത്തിലാക്കി. ലക്ഷദ്വീപിന്‍റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്നും ദ്വീപുകളിലെ ആളുകളുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ ആരുമില്ലെന്നും കാസിം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ത്തന്നെ ലക്ഷദ്വീപ് ഭരണം പഴയതുപോലെ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പുനഃരാലോചന നടത്തണമെന്നും കാസിം കത്തില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ലക്ഷദ്വീപില്‍ ഭരണസ്തംഭനമാണെന്നും കത്തില്‍ പറയുന്നു.

ലക്ഷദ്വീപിലെ കരിനിയമങ്ങള്‍ക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. ദ്വീപിന്‍റെ സാംസ്കാരിക പൈതൃകത്തിന്മേലുള്ള കടന്നുകയറ്റമാണ് പ്രഫുല്‍ പട്ടേലിനെ ഉപയോഗിച്ച് കേന്ദ്രം നടപ്പിലാക്കുന്നത്. ഇതിനെതിരെ രാഷ്ട്രപതിക്ക് ഉള്‍പ്പെടെ നിരവധി പരാതികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അയച്ചിട്ടുണ്ട്. ലക്ഷദ്വീപ് പ്രശ്നത്തില്‍ പ്രതികരിച്ച കെ.എസ്.യുവിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ സസ്പെന്‍ഡ് ചെയ്ത് പ്രതികാര നടപടിയും അരങ്ങേറി.