കൊവിഡ് പരിശോധന കേന്ദ്രത്തിന്‍റെ സജ്ജീകരണങ്ങൾ ശാസ്ത്രീയമായി പുനഃക്രമീകരിക്കണം : കെ.സുധാകരൻ എം.പി

Jaihind News Bureau
Thursday, October 15, 2020

കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ കൊവിഡ് പരിശോധന കേന്ദ്രത്തിന്‍റെ സജ്ജീകരണങ്ങൾ ശാസ്ത്രീയമായി പുനഃക്രമീകരിക്കണമെന്ന് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു. ശ്രവപരിശോധന സംവിധാനത്തിന് നേതൃത്വം നല്കുന്ന സ്ഥലത്ത് കർത്തവ്യ നിർവ്വഹണത്തിൽ ഏർപ്പെട്ട നാല് ഡോക്ടർമാർക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസറ്റീവ് ആയത് നിലവിലുള്ള സംവിധാനത്തിന്‍റെ പോരായ്മയാണെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്.

രോഗികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന സ്ഥലവും, ഡോണിംങ്ങ്, ഡോഫിംങ്ങ് സെന്‍ററുകളും കിയോസ്ക്കുകളും ക്രമീകരിച്ചതിൽ പോരായ്മ ഉണ്ടോ എന്ന് പരിശോധിക്കണം. ശ്രവ പരിശോധന കേന്ദ്രങ്ങളിലെ ഡോക്ടർമാർക്കും ആരോഗ്യവകുപ്പ് ജീവനക്കാർക്കും കൊവിഡ് പകരുന്നത് മൂലം ജോലിയിൽ സമ്മർദ്ദങ്ങളും അസന്തുഷ്ടിയും സൃഷ്ടിക്കപ്പെടുകയാണ്.

ആരോഗ്യവകുപ്പ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കാൻ ഉണ്ടായ സാഹചര്യം ശ്രവ പരിശോധനാ കേന്ദ്രത്തിലെ അശാസ്ത്രീയമായ സംവിധാനം കൊണ്ടാണെന്നും ദേശീയ ആരോഗ്യ മന്ത്രാലയത്തിന്‍റെ മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിച്ച് കൊണ്ട് നിലവിലുളള ശ്രവ പരിശോധനാ സംവിധാനം പുനഃക്രമീകരിച്ചാൽ മാത്രമേ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് രോഗം പകരാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയുള്ളൂ എന്നും മെഡിക്കൽ കോളേജിന്‍റെ കൂടുതൽ വിശാലമായ സൗകര്യമുള്ള സ്ഥലത്തേക്ക് പരിശോധന കേന്ദ്രം ഒരുക്കിയാൽ നിലവിൽ നേരിടുന്ന ഭീതികരമായ അന്തരീക്ഷം മാറ്റപ്പെടുമെന്നും കേന്ദ്ര സർക്കാർ നിഷ്ക്കർഷിക്കുന്ന ബഡ്ഢി സമ്പ്രദായത്തിനനുസരിച്ച് സംവിധാനങ്ങൾ ഒരുക്കണമെന്നും കെ.സുധാകരൻ എം.പി ജില്ലാ കലക്ടർ ടി.വി സുഭാഷിനോട് ആവശ്യപ്പെട്ടു.