സുപ്രധാന തീരുമാനങ്ങളാല്‍ ശ്രദ്ധേയമായി പ്ലീനറി സമ്മേളനത്തിന്‍റെ രണ്ടാം ദിനം; നാളെ മഹാറാലിയോടെ പ്ലീനത്തിന് കൊടിയിറങ്ങും

Jaihind Webdesk
Saturday, February 25, 2023

 

റായ്പുർ/ഛത്തീസ്ഗഢ്: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ രണ്ടാം ദിനം പൂർത്തിയായി. ഭരണഘടനാ ഭേദഗതിയും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള തീരുമാനവും രണ്ടാം ദിനത്തിലെ ശ്രദ്ധേയ തീരുമാനങ്ങളായി മാറി. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ പ്ലീനറി സമ്മേളനത്തിന് നാളെ സമാപനമാകും.

സുപ്രധാനമായ തീരുമാനങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 85 ാം പ്ലീനറി സമ്മേളനത്തിന്‍റെ രണ്ടാം ദിനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിയായിരുന്നു മല്ലിഖാർജുൻ ഖാർഗെയുടെ പ്രസംഗം. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരിനെതിരെ നിലകൊള്ളാന്‍ തയാറുള്ളവരുമായി സഹകരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

May be an image of 1 person, standing and flower

ബിജെപിയെ ശക്തമായ ഭാഷയിലായിരുന്നു ഖാർഗെ വിമർശിച്ചത്. പ്ലീനറി സമ്മേളനത്തെ തകർക്കാൻ ബിജെപി ശ്രമിച്ചെന്നും ഭയന്നിരിക്കാൻ കോൺഗ്രസിനാകില്ലന്നുമുള്ള ഖാർഗെയുടെ വാക്കുകൾ സമ്മേളന പ്രതിനിദികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. കോൺഗ്രസ് ഭരണഘടനാ ഭേദഗതി സമ്മേളനം പാസാക്കി. പ്രവർത്തകസമിതിയിലെ എണ്ണം 35 ആയും എഐസിസി അംഗങ്ങളുടെയും എണ്ണം 1800 ആയും വർധിപ്പിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ പ്രത്യേകം പ്രശംസിച്ചു. ഭാരത് ജോഡോ യാത്ര രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്തെന്നും രാഹുലിന്‍റെ നേതൃപാടവം മികച്ചതെന്നും സോണിയാ ഗാന്ധി പറഞ്ഞു.

കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഡോ. ശശി തരൂർ എംപി, വർക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ്, രാഷ്ട്രീയകാര്യസമിതി അംഗം എം ലിജു തുടങ്ങിയവർ പ്ലീനറി സമ്മേളനത്തിന്‍റെ വിവിധ സെഷനുകളിൽ സംസാരിച്ചു.
നാളെ രാവിലെ 9 മണിക്കാണ് മൂന്നാം ദിവസത്തെ സമ്മേളനം ആരംഭിക്കുക. യുവജനകാര്യം , കൃഷി, സാമൂഹിക ക്ഷേമം എന്നീവിഷയങ്ങളിൽ ചർച്ച നടക്കും. സമാപനം കുറിച്ചുള്ള മഹാറാലിയിൽ ലക്ഷക്കണക്കിന് പ്രവർത്തകര്‍ പങ്കെടുക്കും.