വയനാട്ടിലെ നരഭോജി കടുവയ്ക്കായി തിരച്ചില്‍; പരിഭ്രാന്തരായി പ്രദേശവാസികള്‍, വീടിനു പുറത്തിറങ്ങാന്‍ പോലും പേടി

 

വയനാട്: വാകേരിയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. പ്രജീഷിന്‍റെ ജീവനെടുത്ത നരഭോജി കടുവ ഇപ്പോഴും ഈ പ്രദേശത്തെവിടെയോ കാണാമറയത്തുണ്ടെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ജോലി ആവശ്യത്തിനുപോലും ആളുകൾ വീടിനു പുറത്തിറങ്ങാത്ത അവസ്ഥയാണ് പ്രദേശത്ത്.

പശുക്കൾക്ക് പുല്ലരിയാന്‍ പോയ മൂടക്കൊല്ലി സ്വദേശി പ്രജീഷിന്‍റെ ചേതനയറ്റ ശരീരം പാതി ഭക്ഷിച്ച നിലയില്‍ കണ്ട നാട്ടുകാർക്ക് സകല നിയന്ത്രണവും നഷ്ടമായി. ഇതോടെ സന്ധ്യ മയങ്ങിയാല്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ് ജനങ്ങൾ. വളർത്തു മൃഗങ്ങൾക്ക് നേരെ നിരന്തരം വന്യമൃഗ ആക്രമണം ഉണ്ടാകാറുള്ള മേഖലയിൽ കഴിഞ്ഞ 9 വർഷത്തിനിടെ മാത്രം മൂന്നു മനുഷ്യ ജീവനുകളാണ് ഇത്തരം ആക്രമണങ്ങളിൽ പൊലിഞ്ഞത്.

പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുന്നതിൽ വനം വകുപ്പ് അലംഭാവം കാണിക്കുന്നതായാണ് ഇവരുടെ പരാതി. നിരന്തരമായുള്ള വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ തങ്ങൾക്ക് മുന്നിൽ എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടിരിക്കുകയാണെന്ന് പ്രദേശവശിയായ മേരി പറഞ്ഞു. തോട്ടം തൊഴിലാളികളും ക്ഷീര കര്‍ഷകരും തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് കടുവയുടെ ആക്രമണമുണ്ടായതോടെ കടുത്ത ഭീതി ഉടലെടുത്തതോടെ ജോലിക്കുപോലും പോകാതെ വീട്ടിലിരിക്കുകയാണ് പ്രദേശവാസികൾ.

Comments (0)
Add Comment