ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം ഇന്ന് പത്താം ദിവസവും തുടരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അർജുനെ കണ്ടെത്താനായി പുഴയിലിറങ്ങി. അടിയൊഴുക്ക് പരിശോധിക്കാനായി 15 അംഗ സംഘമാണ് മൂന്നു ബോട്ടുകളിലായി പുഴയിലുള്ളത്. ഉചിതമായ സമയമെങ്കിൽ ഇവർ പുഴയുടെ അടിത്തട്ടിലേക്ക് നീങ്ങും.
രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയാണ് തുടരുന്നത്. മണ്ണ് മാറ്റുന്നത് വേഗത്തിലാക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം കാർവാറിൽ നിന്നും ഡ്രോൺ ഉപയോഗിക്കാനുള്ള ബാറ്ററി ഉടന്‍ തന്നെ എത്തിക്കും. ശക്തമായ മഴ പെയ്താലും ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് വാഹനത്തിനരികിലേക്ക് എത്തിക്കാനാണ് നാവികസേനയുടെ തീരുമാനം.
കരയ്ക്കും നദിയിലെ മൺകൂനയ്ക്കുമിടയിലായിട്ടാണ് വാഹനമുള്ളതായി സംശയിക്കുന്നത്. ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ക്യാബിനിൽ അർജുനുണ്ടോ എന്നത് നാവികസേനയുടെ ഡൈവർമാർ സ്ഥിരീകരിക്കും. തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങളാരംഭിക്കും. ലോറി ഉയർത്താനായി പുഴയിൽ പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിക്കാനാണ് തീരുമാനം. കൂടുതൽ വലിയ മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും എത്തിച്ചാണ് ഒരുക്കം. അത്യാധുനിക ഡ്രോണുകൾ ഇന്നത്തെ പരിശോധനയ്ക്കുണ്ടാകും.
ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാനാണ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നല്‍ ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.