വയനാട്: വാകേരി കല്ലൂർക്കുന്നിൽ പശുവിനെ കൊന്നത് കൂടല്ലൂരിലെ പ്രജീഷിനെ കൊലപ്പെടുത്തിയ അതേ കടുവ തന്നെയെന്ന് വനം വകുപ്പിന്‍റെ സ്ഥിരീകരണം. പ്രദേശത്ത് കണ്ട കാൽപ്പാടുകളിൽ നിന്നാണ് വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഊർജ്ജിത തിരച്ചിൽ തുടരുകയാണെന്നും കടുവ വൈകാതെ പിടിയിലാകുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വാകേരി കല്ലൂർകുന്നിൽ ഇന്നലെ രാത്രിയാണ് വാകയിൽ സന്തോഷിന്‍റെ പശുവിനെ കടുവ കൊന്നത്. അർധരാത്രിയോടെ ബഹളം കേട്ട് പുറത്തിറങ്ങിയ സന്തോഷും കുടുംബവും കടുവയുടെ ആക്രമണം നേരിൽ കണ്ടു. പ്രജീഷിന്‍റെ ജീവനെടുത്ത വാകേരി കൂടല്ലൂരിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ഇന്നലെ കടുവയുടെ ആക്രമമുണ്ടായ കല്ലൂർകുന്ന്. കണ്ണൂര്‍ ഡിഎഫ്ഒ അജിത് കെ. രാമന്‍റെയും റേഞ്ചര്‍ അബ്ദുള്‍ സമദിന്‍റെയും നേതൃത്വത്തില്‍ പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണവും തിരച്ചിലും ശക്തമാക്കി.
അതേസമയം നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ഒരാഴ്ച പിന്നിട്ടിട്ടും ഫലം കാണാത്തതിൽ കടുത്ത നിരാശയിലാണ് പ്രദേശവാസികൾ. പേടി കാരണം പുറത്തിറങ്ങാന്‍ പോലും മടിക്കുകയാണ് ഇവർ. കടുവയെ എത്രയും വേഗം പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം.