കർണാടക അതിര്‍ത്തി തുറന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ അടിസ്ഥാനരഹിതം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

Jaihind News Bureau
Tuesday, March 31, 2020

കാസർഗോഡുമായുള്ള അതിർത്തി കർണാടക തുറന്നുകൊടുക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. കേസ് സുപ്രീം കോടതി നാളെ പരിഗണിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്നും എം.പി പ്രതികരിച്ചു. ഒരു ദേശീയ ചാനലിന്‍റെ പേരിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രചരിച്ചത്. കാസർഗോഡ്-കർണാടക അതിര്‍ത്തി തുറന്നുകൊടുക്കാന്‍ ഉത്തരവായി എന്ന തരത്തിലായിരുന്നു വാർത്ത.

കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ച കര്‍ണാടകത്തിനെതിരെ കാസർഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിര്‍ത്തികള്‍ തുറക്കാന്‍ എത്രയും പെട്ടെന്ന് കര്‍ണാടകത്തോട് നിര്‍ദേശിക്കണം എന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി റോഡുകള്‍ കര്‍ണാടക പൂര്‍ണമായും അടച്ചതോടെ മംഗളുരുവില്‍ ചികിത്സ തേടുന്ന നിരവധി രോഗികളാണ് ദുരിതത്തിലായത്. അതിര്‍ത്തിയില്‍ വെച്ച് കര്‍ണാടക പൊലീസ് തിരിച്ചയച്ചതിനാല്‍ ചികിത്സ ലഭിക്കാതെ ആളുകള്‍ മരിച്ചതും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടി. കേസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതി നാളെ പരിഗണിച്ചേക്കും. ഇതിനിടെയാണ് ജില്ലാ അതിർത്തി തുറന്നുവെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്.