കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന്എന്.ഐ.എ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഒരു നിമിഷം പോലും വൈകാതെ രാജിവെച്ച് പുറത്തു പോകണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. എന്‍.ഐ.എ വെളിപ്പെടുത്തലോടെ യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുമായി അനൗദ്യോഗിക ബന്ധം സ്വപ്നയ്ക്കുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമാണ് സ്വപ്ന പുലർത്തിയിരുന്നതെന്നുമാണ് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വെളിപ്പെടുത്തിയത്. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് പിരിഞ്ഞ ശേഷവും ഇവർ കോൺസുലേറ്റിൽ നിന്ന് പണം കൈപ്പറ്റിയിരുന്നുവെന്നും കോടതിയിൽ എൻ.ഐ.എ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പല കാര്യങ്ങളിലും സ്വപ്നയോട് ഉപദേശം ചോദിച്ചിരുന്നതായും സ്വപ്നയുടെ മെന്റര്‍ ആയി ശിവശങ്കർ പ്രവർത്തിച്ചിരുന്നെന്നും സ്വപ്ന സമ്മതിച്ചതായും എൻ.ഐ.എ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമാണ് എല്ലാ കള്ളക്കടത്തിനും ഇവർക്ക് ആത്മവിശ്വാസം നൽകിയതെന്നും എൻ.ഐ.എ കോടതിയിൽ പറഞ്ഞു. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായക ബന്ധം ഉണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്നും ബെന്നി ബഹനാൻ ചോദിച്ചു.
സ്വപ്നയ്ക്ക് ഉണ്ടായിരുന്ന ബന്ധവും സ്വാധീനവുമാണ് കള്ളക്കടത്തിന് സഹായകരമായി മാറിയതെന്ന് തെളിഞ്ഞിരിക്കുന്നു. യു.ഡി.എഫ് നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ എല്ലാം ശരിയെന്ന് കോടതിയിലെ വെളിപ്പെടുത്തലോടെ തെളിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന് തല്‍സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും ബെന്നി ബഹനാൻ എം.പി പറഞ്ഞു.