‘തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം’; സിപിഎമ്മിനെ വിമർശിച്ച് സമസ്തയുടെ മുഖപത്രം സുപ്രഭാതം

 

കോഴിക്കോട്: സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ചും, ലീഗിനെ പുകഴ്ത്തിയും സമസ്ത മുഖപത്രം സുപ്രഭാതം. പിണറായി വിജയന്‍റെ ധാർഷ്ട്യം മുതൽ എസ്എഫ്ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയായെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തലുണ്ട്. സർക്കാരും സിപിഎമ്മും എടുത്ത ജന വിരുദ്ധ നിലപാട് തിരിച്ചടിയായി.

ഇടതു സർക്കാരിന് ജനങ്ങളിട്ട മാർക്ക് എന്ന തലക്കെട്ടേടെയുള്ള മുഖപ്രസംഗത്തിലാണ് സമസ്ത മുഖപത്രമായ സുപ്രഭാതം സംസ്ഥാന സർക്കാരിനെയും- സിപിഐഎമ്മിനെയും വിമർശിച്ചും, ലീഗിനെ പുകഴ്തിയും എഴുതിയിട്ടുള്ളത് . സിപിഎം ജനങ്ങളിൽ നിന്നും അകന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ സൂചനയെന്ന് സുപ്രഭാതം വിലയിരുത്തുന്നു. സർക്കാരും സിപിഎമ്മും എടുത്ത ജന വിരുദ്ധ നിലപാട് തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കും പിണറായി സർക്കാരിനും തിരിച്ചടിയായി. പിണറായി വിജയന്‍റെ ധാർഷ്ട്യം മുതൽ എസ്എഫ്ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തിരിച്ചടിയായെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തലുണ്ട്.

അസഹിഷ്ണുതയുടെയും ധാർഷ്ട്യത്തിന്‍റെയും വക്താക്കളായി സിപിഎം നേതാക്കൾ നിറഞ്ഞാടി. ആരോഗ്യ വകുപ്പ് ഉൾപ്പെടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ലെന്ന വകുപ്പ് തിരിച്ചുള്ള വിമർശനവും സുപ്രഭാതം നടത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് രാജിൽ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരക്കപ്പെട്ടു. തുടർ തുടരണം നൽകിയ അധികാര ധാർഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരിൽ നിന്ന് അകറ്റിയെന്ന കുറ്റപ്പെടുത്തലും സുപ്രഭാതം നടത്തുന്നു. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്‍റെ മാത്രം സവിശേഷത എന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

തിരഞ്ഞെടുപ്പിൽ പൊന്നാനിയിലടക്കം സമസ്തയുടെ വോട്ട് ഇടതു മുന്നണിക്ക് പോകുമെന്ന വ്യാപക പ്രചാരണം എല്‍ഡിഎഫ് നടത്തിയിരുന്നെങ്കിലും അത് ഫലത്തിൽ പ്രതിച്ചില്ല. മാത്രമല്ല പൊന്നാനിയിലും മലപ്പുറത്തും ചരിത്ര വിജയം നേടാൻ യുഡിഎഫിന്  സാധിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും  സമസ്തയിലെ ചില നേതാക്കൾ പുലർത്തിയിരുന്ന മൃദുസമീപനത്തിനേറ്റ തിരിച്ചടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ലേഖനമാണ് സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലൂടെ സമസ്ത നടത്തിയിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Comments (0)
Add Comment