ഡല്‍ഹി: പാലക്കാട് കല്ലടിക്കോട് കരിമ്പയില്‍ ലോറിക്കടിയില്‍പെട്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ച പശ്ചാത്തലത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് എം. പി വി.കെ ശ്രീകണ്ഠന്‍. അപകടത്തിന് കാരണം ദേശീയപാതാ അതോറിറ്റിയുടെ അനാസ്ഥയാണെന്ന് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.
റോഡിന്‍റെ വളവ് മാറ്റി പുനഃക്രമീകരിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. കേന്ദ്രമന്ത്രിയെ വിഷയം നേരിട്ട് ധരിപ്പിക്കും. ദേശീയപാതാ അതോറിറ്റി അധികൃതര്‍ വെള്ളാനകളെ പോലെയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും വി.കെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.
പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയില്‍പെട്ടാണ് കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികള്‍ മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.