‘കണ്ണൂരില്‍ വന്‍ ഭൂരിപക്ഷം നേടിത്തന്നത് സി.പി.എം വോട്ടുകള്‍; സി.പി.എമ്മിന്‍റെ തോല്‍വിയുടെ പ്രധാന കാരണം പിണറായി വിജയന്‍’ : കെ സുധാകരന്‍

Jaihind Webdesk
Saturday, May 25, 2019

K-Sudhakaran

കണ്ണൂരിൽ തനിക്ക് വൻ ഭൂരിപക്ഷം നേടിത്തന്നത് സി.പി.എം വോട്ടുകളെന്ന് കണ്ണൂരിലെ നിയുക്ത എം.പി കെ സുധാകരൻ. സി.പി.എമ്മിന്‍റെ പരാജയത്തിന് പ്രധാന കാരണം പിണറായി വിജയനാണെന്നും കെ സുധാകരൻ പറഞ്ഞു.

പരമ്പരാഗത കോൺഗ്രസ് വോട്ടുകൾക്ക് പുറമെ സി.പി.എമ്മിന്‍റെ കോട്ടകൊത്തളങ്ങളിൽ നേടിയ മുൻതൂക്കമാണ് തന്‍റെ ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്ത് എത്തിച്ചത്. പിണറായിയുടെയും  ശൈലജ ടീച്ചറുടെയും ഗോവിന്ദൻ മാസ്റ്ററുടെയും ഇ.പി ജയരാജന്‍റെയും തട്ടകത്തിലാണ് സി.പി.എം പ്രവർത്തകർ തനിക്ക് വോട്ട് ചെയ്തതെന്ന് കെ സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നാടായ പിണറായിലടക്കം ഈ വിജയം സി.പി.എമ്മിന്‍റെ തോളിന് മുകളിലാണ് അവർ നൽകിയത്. സി.പി.എമ്മിന്‍റെ പരാജയത്തിന് പ്രധാന കാരണം പിണറായി വിജയനാണ്. കേരളം കണ്ട ഏറ്റവും കഴിവുകെട്ട ഈ മുഖ്യമന്ത്രി മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പാണിതെന്നും കെ സുധാകരൻ പറഞ്ഞു.

വിശ്വാസികളും അവിശ്വാസികളും സൗഹാർദത്തോടെ ജീവിക്കുന്ന ഈ കേരളത്തിലെ ഈ  സൗഹാർദം തകർക്കാൻ ശബരിമല വിഷയം സി.പി.എം  ദുരുപയോഗം ചെയ്യുകയായിരുന്നു.  ശബരിമല വിശ്വാസികളായ ലക്ഷക്കണക്കിന് സി.പി.എം അനുഭാവികൾ ഇതിനെതിരെ തനിക്ക് വോട്ട് ചെയ്ത് പ്രതികരിക്കുകയായിരുന്നു. ഇപ്പോഴത്തെ പരാജയം സി.പി.എമ്മിന്‍റെ കേരളത്തിലെ തകർച്ചയുടെ തുടക്കമാണ്. ബംഗാളിലും തൃപുരയിലു മെന്ന പോലെ സി.പി.എം അമ്പേ തകരുകയാണ്. അവർക്കിനി തിരിച്ചുവരവില്ല. തനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും കെ സുധാകരൻ നന്ദി പറഞ്ഞു.