റഫേൽ അഴിമതി പുറത്ത് കൊണ്ടു വന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയായിരുന്നു. റഫേൽ ഇടപാട് ഇന്ത്യൻ രാഷ്ട്രീയത്തിലും ഫ്രഞ്ച് രാഷ്ട്രീയത്തിലും വൻ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. എല്ലാ മാനദണ്ഡങ്ങളുടെ കാറ്റിൽ പറത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രഞ്ച് സർക്കാരുമായി പുതിയ കരാർ ഒപ്പിട്ടതായിരുന്നു റഫേൽ അഴിമതിയുടെ തുടക്കം. കരാറിൽ അഴിമതി കാട്ടിയെന്നും മോദി കാവൽക്കാരനല്ല കള്ളനെന്നും വിശേഷിപ്പിച്ച് കൊണ്ട് രാഹുൽ ഗാന്ധി മുന്നേറിയപ്പോൾ ഒരിക്കൽ പോലും ഇതിനെതിരെ നരേന്ദ്രമോദി പ്രതികരിച്ചില്ല എന്നതാണ് അഴിമതിയുടെ ദുരൂഹത വർദ്ധിപ്പിച്ചത്. റഫേൽ അഴിമതിയുടെ നാൾവഴികളിലൂടെ ഒരു അന്വേഷണം.
കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് നിലവിലിരുന്ന കരാറിൽ 126 വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങൾ വാങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഒരു വിമാനത്തിന് 526 കോടി രൂപവില നിശ്ചയിച്ചിരുന്ന കരാർ പ്രകാരം സാങ്കേതിക വിദ്യയും കൈമാറാനായിരുന്നു തീരുമാനം. കരാർ പ്രകാരം എച്ച്.എ.എല്ലായിരുന്നു ഇന്ത്യൻ പങ്കാളി. 126ൽ 108 വിമാനവും ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട്- ഇന്ത്യൻ പങ്കാശിയായ എച്ച്എഎല്ലിന്റെയും സംയുക്ത സംരംഭമായി നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ 2015ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരമേറ്റ ശേഷം പൊളിച്ചെഴുതിയ കരാറിൽ 36 വിമാനങ്ങൾ മാ്രതം വാങ്ങാനുള്ള തീരുമാനമാണ് ഉണ്ടായിരുന്നത്. എച്ച്.എ.എല്ലിനെ ഒഴിവാക്കി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിലാകട്ടെ ഒരു വിമാനത്തിന് 1526 കോടി നൽകണമെന്ന വ്യവസ്ഥയാണ് ഉൾപ്പെട്ടതെന്ന വിവരങ്ങളാണ് പുറത്തു വന്നത്. കരാറിൽ അഴിമതിയുണ്ടെന്നും ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന് പാർലമെന്റിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയിരുന്നില്ല.
ഇതിനിടെ റിലയൻസ് ഡിഫൻസിനെ കരാറിൽ പങ്കാളിയാക്കിയത് ഇന്ത്യയുടെ സമ്മർദ്ദം മൂലമാണെന്ന മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാന്ദിന്റെ വെളിപ്പെടുത്തലും ഇന്ത്യയിൽ രാഷ്ട്രീയ കോളിളക്കത്തിന് വഴിവെച്ചതോടെ കേന്ദ്രസർക്കാർ ഏറെ പ്രതിരോധത്തിലായിരുന്നു. തുടർന്ന് സുപ്രം കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ഹർജിയുടെ അടിസ്ഥാനത്തിൽ ഉണ്ടായ കോടതി ഇടപെടലാണ് റഫേൽ അഴിമതി ആരോപണത്തിൽ നിർണ്ണായകമാവുന്നത്. കരാറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ അഴിമതിയാരോപണം ബലപ്പെടാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നതെന്നും ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വമ്പൻ മാറ്റങ്ങൾക്കാവും തുടക്കം കുറിയ്ക്കുകയെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
റഫേൽ കരാറിലെ വിവരങ്ങൾ ഹർജിക്കാരെ അറിയിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം വന്നതോടെ കേന്ദ്ര സർക്കാർ കൂടുതൽ കുരുക്കിലായി. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരായിരുന്നു റഫേൽ കരാറിലെ വിവരങ്ങൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.