ഉച്ചഭക്ഷണത്തിനായി ഇടവേള; ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് ശേഷവും തുടരും

ന്യൂഡല്‍ഹി: മോദി സർക്കാർ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഉയർത്തിക്കൊണ്ടുവന്ന നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഉച്ചയ്ക്ക് ശേഷവും ചോദ്യം ചെയ്യും. ഉച്ചഭക്ഷണത്തിനായി സമയം അനുവദിച്ചതോടെ സോണിയാ ഗാന്ധി മടങ്ങി. ഉച്ചയ്ക്ക് ശേഷം 3.30ന് ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിക്കെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പ്രതിഷേധ മാര്‍ച്ച് നയിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനാധിപത്യ പ്രതിഷേധങ്ങളെ ജയിലറ കാട്ടി വിരട്ടാന്‍ നോക്കേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. എതിര്‍സ്വരങ്ങളെ ഇത്തരത്തില്‍ അടിച്ചമർത്താമെന്നത് മോദിയുടെ വ്യാമോഹമാണെന്നും അതിനാണ് ശ്രമമെങ്കില്‍ രാജ്യത്തെ ജയിലുകള്‍ പോരാതെ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപതി ഭവന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാരടക്കമുള്ള നേതാക്കള്‍ക്കെതിരെ പോലീസ് ക്രൂരമായ നടപടിയാണ് സ്വീകരിച്ചത്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു. രാഷ്ട്രപതിഭവന് മുന്നിലെ ബാരിക്കേഡ് മറികടന്നെത്തിയായിരുന്നു കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. വിജയ് ചൗക്കിൽ നടന്ന പ്രതിഷേധം നയിച്ച രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

സോണിയാ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ച ഇഡി നടപടിക്കെതിരെ രാജ്യമെങ്ങും സത്യഗ്രഹവും ട്രെയിൻ തടയലുമായി പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. ജൂലൈ 21 ന് സോണിയാ ഗാന്ധിയെ ഇഡി രണ്ടര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വിളിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ക്കിടെയും രാവിലെ 11 മണിയോടെ സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ രാഹുല്‍ ഗാന്ധിയെ ഇഡി 55 മണിക്കൂറാണ് ചോദ്യം ചെയ്തത്.

Comments (0)
Add Comment