‘പദ്ധതി ഉപേക്ഷിച്ചിട്ടില്ല, കേന്ദ്രത്തിന് അനുമതി നല്‍കേണ്ടിവരും’; സില്‍വര്‍ലൈന്‍ വിടാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍. ചില പ്രത്യേക സ്വധീനങ്ങള്‍ക്ക് വഴങ്ങിയാണ് കേന്ദ്രത്തിന്‍റെ അനുമതി വൈകുന്നത്. ഏത് ഘട്ടത്തിലായാലും കേന്ദ്രത്തിന് അനുമതി നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

‘കെ- റെയില്‍ പദ്ധതി നമ്മുടെ സംസ്ഥാനത്തിന്‍റെ ഭാവിക്ക് ഏറെ അനുയോജ്യമായ കാര്യമാണ്. അതിന് കേന്ദ്ര ഗവണ്‍മെന്‍റ് അനുമതി നല്‍കും എന്നതരത്തിലുള്ള സൂചനകളാണ് ആദ്യമേ ലഭിച്ചിരുന്നത്. പക്ഷേ, എല്ലാവര്‍ക്കും അറിയാവുന്ന തരത്തിലുള്ള ചില പ്രത്യേക ഇടപെടലുകള്‍ വന്നപ്പോള്‍ കുറച്ചൊന്ന് ശങ്കിച്ച് നില്‍ക്കുന്നുണ്ട്. പക്ഷേ, ഏത് ഘട്ടത്തിലായാലും ഇതിന് അനുമതി തന്നേ തീരൂ. തരേണ്ടിവരും. ഇപ്പോള്‍ തരുന്നില്ലെങ്കിലും ഭാവിയില്‍ തരേണ്ടിവരും.’ – മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സില്‍വർലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല.  അനുമതി തരേണ്ടവര്‍ ഇപ്പോള്‍ തയാറല്ലെന്ന് നിലപാടെടുക്കുമ്പോള്‍ ഉടനെ പദ്ധതി നടത്തും എന്ന് പറയാന്‍  സംസ്ഥാനത്തിന് കഴിയുന്നില്ല എന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Comments (0)
Add Comment