പ്രധാനമന്ത്രി രാഷ്ട്രീയമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു; മോദിയുടെ ആവശ്യം നിരസിച്ചു; വിനേഷ് ഫോഗട്ട്

ഡല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ 50 കിലോഗ്രാം ഗുസ്തി ഫൈനലില്‍ അയോഗ്യയായതിന് ശേഷം തന്നെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാന്‍ വിസമ്മതിച്ചതായി മുന്‍ ഗുസ്തി താരവും ഹരിയാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ട്. പാരിസില്‍ ഉണ്ടായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മോദിക്ക് സംസാരിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചു. എന്നാല്‍ താനത് വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് ഫോഗട്ട് പറഞ്ഞു. തന്റെ വികാരങ്ങളും കഠിനാധ്വാനങ്ങളും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്യപ്പെടാന്‍ ആഗ്രഹിക്കാത്തതിനാലാണ് അങ്ങനെ നിലപാട് എടുത്തതെന്നും അവര്‍ വ്യക്തമാക്കി.

അദ്ദേഹം കായിക താരങ്ങളോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ആളായിരുന്നുവെങ്കില്‍ റെക്കോര്‍ഡ് ചെയ്യാന്‍ തയ്യാറാവാതെ വിളിക്കുമായിരുന്നുവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. തന്റെ സംഭാഷണവും പ്രതികരണവും നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആഗ്രഹിച്ചതായി സംശയിക്കുന്നു. തന്റെ കഠിനാധ്വാനവും വൈകാരികതയും സോഷ്യല്‍ മീഡിയകളില്‍ ഓഡിറ്റിംഗിനും കളിയാക്കലുകള്‍ക്കും വിധേയമാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.

ഭാരപരിശോധനയില്‍ അനുവദനീയമായതിലും 100 ഗ്രാം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒളിമ്പിക്‌സ് ഫൈനലില്‍ നിന്നും വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് വിനേഷ്.

Comments (0)
Add Comment